Asianet News MalayalamAsianet News Malayalam

മുക്കുന്നിമലയിലെ ഖനനക്കൊള്ള: വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Mukkunnimala Encroachment Mining vigilance report
Author
Thiruvananthapuram, First Published Aug 7, 2017, 2:35 PM IST

തിരുവനന്തപുരം: മുക്കുന്നിമലയില്‍ കാല്‍നൂറ്റാണ്ടിലേറെ എല്ലാ നിയമങ്ങളും ലംഘിച്ച് നടന്ന അനധികൃത ഖനനം കാരണം സംസ്ഥാനത്തിനുണ്ടായ നഷ്ടം 291.59 കോടി രൂപ. വിജിലന്‍സ് സംഘം ഒരു വര്‍ഷത്തിലേറെയായി നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാറിനുണ്ടായ ഭീമമായ നഷ്ടം കണ്ടെത്തിയത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച്, നഷ്ടപ്പെട്ട തുക ക്വാറി ഉടമകളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ജിയോളജി ആന്‍ഡ് മൈനിങ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. 

എന്നാല്‍, ഇതു കൊണ്ടുമാത്രം മുക്കുന്നിമലയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നാണ്റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ തുക എത്രയോ കുറവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഖനനം നടന്ന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പാറകളുടെ മൂല്യം മാത്രമാണ് കണക്കാക്കപ്പെട്ട തുക. സര്‍ക്കാര്‍ കണക്കു പ്രകാരം ഒരു ലോഡിന് 24 രൂപ വീതമെന്ന കണക്കിലാണ്  നഷ്ടം കണക്കാക്കിയത്. നിയമവിധേയമായി  പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ സര്‍ക്കാറിന് നല്‍കേണ്ട തുക മാത്രമാണിത്. ഇതനുസരിച്ച് കണക്കിക്കിയിട്ടുപോലും വന്‍തുകയാണ് കണ്ടെത്തിയിരിക്കുന്നത്.. എന്നാല്‍, യഥാര്‍ത്ഥ നഷ്ടം ഇതിലുമെത്രയോ വലുതാണ്. ഖനനം മൂലം സംഭവിച്ച പാരിസ്ഥിതിക നഷ്ടവും സാമൂഹ്യ പ്രശ്‌നങ്ങളും കൂടി പരിഗണിച്ചാല്‍ ഇതിന്റെ ആഘാതം അതിഭീമമാണ്. 

ഖനനം നടന്ന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പാറകളുടെ മൂല്യം മാത്രമാണ് കണക്കാക്കപ്പെട്ട തുക.

നിയമങ്ങള്‍ക്ക് ഇവിടെ പുല്ലുവില

തിരുവനന്തപുരം ബാലരാമപുരത്തിനു സമീപമുള്ള മുക്കുന്നിമല  സെക്രട്ടറിയേറ്റില്‍നിന്നും വെറും 10 കിലോ മീറ്റര്‍ മാത്രം അകലെയാണ്. വ്യോമ സേനയുടെ റഡാര്‍ കേന്ദ്രവും പ്രവര്‍ത്തിക്കുന്ന ഇവിടം അതീവ സുരക്ഷാ മേഖല കൂടിയാണ്. 245 മീറ്റര്‍ ഉയരത്തില്‍ പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ് മുക്കുന്നിമല. 

എന്നിട്ടും കാലകാലങ്ങളിലുള്ള സര്‍ക്കാറുകളുടെ ഒത്താശയോടെ, ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പിന്തുണയോടെ ക്വാറി മാഫിയ ഈ മല ഇടിച്ചുപൊളിച്ച് വില്‍ക്കുകയായിരുന്നു. അറുപതോളം ക്വാറികളാണ് ഇവിടെ നിയമം ലംഘിച്ച് വന്‍ തോതില്‍ ഖനനം നടത്തി വന്നത്. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പാറമടകള്‍ കൈയേറിയാണ് ഇവര്‍ ഖനനം നടത്തുന്നത്. നൂറു കണക്കിന് ലോറികളിലാണ് പാറകള്‍ പൊട്ടിച്ച് പ്രതിദിനം പുറത്തുകടത്തുന്നത്. റബര്‍ കൃഷി നടത്താന്‍ മാത്രം അനുവാദമുള്ള പട്ടയഭൂമി അനധികൃതമായി കൈയ്യടക്കി കൈയൂക്കിന്റെയും സ്വാധീനത്തിന്റെയും ബലത്തിലാണ് മാഫിയ ഇവിടെ സമാന്തര ഭരണം നടത്തിയത്. ഇവിടത്തെ പാറക്കെട്ടുകളുടെ അവകാശം സര്‍ക്കാറിന് മാത്രമാണെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

അറുപതോളം ക്വാറികളാണ് ഇവിടെ നിയമം ലംഘിച്ച് വന്‍ തോതില്‍ ഖനനം നടത്തി വന്നത്.

റീ സര്‍വേ നടന്നത് 

25 വര്‍ഷമായി നിരവധി ക്വാറികള്‍ തുരന്നെടുത്ത മല ഇപ്പോള്‍ വലിയ പാരിസ്ഥിതിക ദുരന്ത മേഖലയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ 'അന്വേഷണം' പരിപാടിയിലൂടെ കേരളം അമ്പരപ്പോടെ കണ്ട ദൃശ്യങ്ങള്‍ പ്രകാരം ഈ ഭീമന്‍ മല ഇപ്പോള്‍ വലിയ ഗര്‍ത്തങ്ങളുടെ കേന്ദ്രമാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ കണ്ണടക്കുന്നതിനാല്‍, ഇവിടെ പുറത്തുനിന്നുള്ളവര്‍ക്ക് ചെല്ലാന്‍ പോലും പറ്റാത്ത വിധം ക്വാറിയ മാഫിയയുടെ ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥ കാരണം ഇവിടെ താമസിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ ഒഴിഞ്ഞുപോയി. ക്വാറി മാഫിയയുടെ ഗുണ്ടകളുടെ അതിക്രമങ്ങള്‍ സഹിച്ച് കഴിയുകയാണ് ഇവിടെ ശേഷിക്കുന്ന കുടുംബങ്ങള്‍. ഇവരില്‍ ചിലര്‍ ആരും സഹായത്തിനില്ലാതെ നടത്തിയ പോരാട്ടത്തിന്റെ ബാക്കിപത്രമാണ് വിജിലന്‍സ് അന്വേഷണം. 

പ്രാദേശിക സമരസമിതിയുടെ പ്രവര്‍ത്തനങ്ങളും ഒറ്റയാള്‍ പോരാട്ടങ്ങളുമാണ് മുക്കുന്നി മലയില്‍ ഹൈക്കോടതിയുടെ ഇടപെടലിന് കാരണമായത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുകയും അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 40 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഹൈക്കോടതി ഉത്തരവുകള്‍ പോലും അട്ടിമറിക്കപ്പെട്ടു. വിജിലന്‍സ് റീസര്‍വേയും അന്വേഷണവും കഴിയുന്നതുവരെ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് 103.73 ഏക്കര്‍ പുറംപോക്ക് ഭൂമി, 30.53 ഏക്കര്‍ പുറംപോക്ക് പാറ, 0.411 ഏക്കര്‍ പുറംപോക്ക് റോഡ് എന്നിവയിലടക്കം 130 ഏക്കര്‍ ഭൂമിയിലാണ് റീ സര്‍വേ നടത്തിയത്.  കഴിഞ്ഞ വര്‍ഷം നവംബര്‍ 23നാണ്  സര്‍വേ പൂര്‍ത്തിയാക്കിയത്. 

പിന്നീട്, ഖനന മാഫിയ ഇവിടെ അഴിഞ്ഞാടുകയായിരുന്നു.

കൊള്ളയുടെ നാള്‍ വഴികള്‍ 

1960നു മുമ്പ് വനഭൂമിയായിരുന്നു മുക്കുന്നിമല.  പട്ടം താണു പിള്ള മുഖ്യമന്ത്രിയായിരിക്ക, തൊഴില്‍ രഹിതര്‍ക്കും സ്വതന്ത്ര്യസമര സേനാനികള്‍ക്കും ഈ മല പതിച്ചു നല്‍കുകയായിരുന്നു.1000 ഏക്കര്‍ വിസ്തൃതിയുണ്ടെന്ന് ദേശവാസികള്‍ കരുതുന്ന മുക്കുന്നിമലയില്‍ 350 ഏക്കര്‍ ഭൂമിയാണ് ആളൊന്നിന് മൂന്നര ഏക്കറെന്ന ക്രമത്തില്‍ നൂറോളം പട്ടയക്കാര്‍ക്കായി പതിച്ചുനല്‍കിയത്. ഒരേക്കര്‍ ഭൂമിക്ക് നാല്‍പ്പത് രൂപയെന്ന കണക്കില്‍ പട്ടയക്കാരന്‍ സര്‍ക്കാരിലടക്കണം എന്നായിരുന്നു വ്യവസ്ഥ. ഈ ഭൂമിയില്‍, അരയേക്കര്‍ വീടിനും ചെറുകൃഷിക്കും മാറ്റിവയ്ക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ബാക്കി വരുന്ന മൂന്നേക്കറില്‍ റബര്‍കൃഷി മാത്രമേ ചെയ്യാവൂ എന്നും വ്യവ്‌സഥയില്‍ പറയുന്നു. ഈ വ്യവസ്ഥകള്‍ തെറ്റിച്ചാല്‍, അനുവദിച്ച ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിലേക്ക് വന്നുചേരുമെന്നും ലാന്റ് അസൈന്‍മെന്റ് ആക്ട് വ്യക്തമായി നിഷ്‌കര്‍ഷിക്കുന്നു. അനുവദിച്ച പട്ടയത്തില്‍ ഈ വ്യവസ്ഥകള്‍  രേഖപ്പെടുത്തിയിട്ടുണ്ട്. 

പട്ടയക്കാരില്‍ ഭൂരിപക്ഷവും ആലപ്പുഴക്കാരായിരുന്നു. ദേശവാസികള്‍ ചുരുക്കം പേരും ഇതില്‍ ഉള്‍പ്പെട്ടു. ഇതിനിടെയാണ്, പ്രദേശവാസികള്‍ തന്നെ ഉപജീവനത്തിനായി ചെറിയ രീതിയില്‍ ഖനനം തുടങ്ങിയത്. ഇത് നിയമ വിരുദ്ധമായിരുന്നു. തുടര്‍ന്ന് ഖനന സാദ്ധ്യതകള്‍ കണ്ടറിഞ്ഞ് വന്‍കിടക്കാന്‍ മുക്കുന്നിമലയില്‍ എത്തി. അവിടെയുള്ളവരുടെ ഭൂമി ചെറു തുകയ്ക്ക് കൈക്കലാക്കിയ ശേഷം ഇവര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിയമം ലംഘിച്ച് ഖനനം തുടങ്ങി. 1991ല്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് മുക്കുന്നിമലയില്‍ ഖനനം നടത്താന്‍ ആദ്യമായി അനുമതി നല്‍കി. ഇത് നിയമങ്ങളുടെ ലംഘനമായിരുന്നു. പിന്നീട്, ഖനന മാഫിയ ഇവിടെ അഴിഞ്ഞാടുകയായിരുന്നു. കാല്‍നൂറ്റാണ്ട് തുരന്നു തുരന്ന് ഈ പ്രദേശം വലിയൊരു ഗര്‍ത്തം മാത്രമാവുകയായിരുന്നു.

Follow Us:
Download App:
  • android
  • ios