ദില്ലി: രാജ്യത്തെ മുസ്ലീം മതവിശ്വാസികളടക്കം മൊത്തം ന്യൂനപക്ഷവിഭാ​ഗം ജനങ്ങളിൽ 30 ശതമാനം മുതൽ 35 ശതമാനം വരെ ആളുകൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി. 

ന്യൂനപക്ഷക്ഷേമത്തിനായി മോദി സർക്കാർ നന്നായി പ്രയത്നിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തിന്റെ വക്താവാണെന്ന വിശ്വാസം ന്യൂനപക്ഷവിഭാ​ഗങ്ങളിൽ ശക്തമായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറയുന്നു. 

വാർത്താ ഏജൻസിയായ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. 2014-ൽ ലോക്സഭാ തിരഞ്ഞെടുപ്പ് ജയിച്ച് ബിജെപി അധികാരത്തിൽ വന്നപ്പോൾ ന്യൂനപക്ഷങ്ങളിൽ ഭയംനിറച്ച് സർക്കാരിൽ അവിശ്വാസമുണ്ടാക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. 

2014-ൽ 18-20 ശതമാനം ന്യൂനപക്ഷമതവിശ്വാസികൾ മോദിക്ക് വോട്ട് ചെയ്തിട്ടുണ്ട് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇത് 30-35 ശതമാനമായി ഉയരും എന്നാണ് എന്റെ പ്രതീക്ഷ. വികസനത്തിന്റെ പേരിൽ മോദിക്ക് വീണ്ടുമൊരു അവസരം നൽകാൻ അവർ തയ്യാറാവും. 

മോദി ഭരണത്തിൽ വലിയ രീതിയിലുള്ള വർ​​ഗ്​ഗീയകലാപങ്ങളൊന്നും എവിടെയുമുണ്ടായിട്ടില്ല. ഇൗ വർഷങ്ങളിൽ കശ്മീരിന് പുറത്ത് എവിടെയും കാര്യമായ കലാപങ്ങളുണ്ടാിട്ടില്ല. എവിടെയും ഭീകരാക്രമണമുണ്ടായിട്ടില്ല. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് ഇതായിരുന്നില്ല അവസ്ഥ. കേന്ദ്രമന്ത്രി പറയുന്നു.