ഉത്തര്‍പ്രദേശിലെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന 140 സീറ്റുകളില്‍ 50 വീതം സീറ്റുകളെങ്കിലും ബിജെപിയും എസ്പിയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് വോട്ടെടുപ്പ് നടന്ന 69 സീറ്റുകളില്‍ 40 എങ്കിലും നേടി മുന്‍തൂക്കത്തിനാവായിരുന്നു അഖിലേഷിന്റെ ശ്രമം. എന്നാല്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ശിവപാല്‍ മത്സരിക്കുന്ന ജസ്വന്ത് നഗര്‍ ഒഴികെയുള്ള സീറ്റുകളില്‍ ശിവപാല്‍ യാദവും മുലായത്തിന്റെ മറ്റു ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പുമായി സഹകരിക്കേണ്ടതില്ല എന്ന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജസ്വന്ത് നഗര്‍ മണ്ഡലത്തില്‍ ശിവ്പാല്‍ യാദവ് വിജയിക്കണമെന്ന താല്പര്യം അഖിലേഷിനുമില്ല. ഇന്നു വോട്ടു ചെയ്തിറങ്ങിയ അഖിലേഷിനോട് ഈ ഭിന്നതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉ.യര്‍ന്നു.

അഖിലേഷ് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞെങ്കിലും മുലായംസിംഗ് അഖിലേഷിനൊപ്പം വരാതെ മരുമകള്‍ അപര്‍ണ്ണ യാദവിനൊപ്പം വോട്ടു ചെയ്യാനെത്തിയ കാഴ്ച ഭിന്നത തീര്‍ന്നിട്ടില്ല എന്ന സൂചനയായി. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ യുവവോട്ടര്‍മാര്‍ അഖിലേഷിനോട് കൂറു പ്രഖ്യാപിക്കുന്നത് കാണാനായി. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ മെല്ലെ ബിഎസ്പിയിലേക്ക് പോകുന്ന പ്രവണതയുടെ തുടക്കം ഈ ഘട്ടത്തില്‍ കണ്ടു ഇത് തുടര്‍ന്നാല്‍ യുപിയില്‍ തൂക്കു നിയമസഭയ്ക്ക് സാധ്യത കൂടും.