ലക്നോ: ഉത്തര്‍പ്രദേശിൽ ബാബറി മസ്ജിദ് വിഷയം ചര്‍ച്ചയാക്കി മുലായംസിംഗ് യാദവ്. ബാബറി മസ്ജിദ് സംരക്ഷിക്കാൻ വേണ്ടിയാണ് കര്‍സേവകര്‍ക്കെതിരെ വെടിവെക്കാൻ ഉത്തരവിട്ടതെന്ന് മുലായംസിംഗ് യാദവ് പറഞ്ഞു. മരുമകൾ അപര്‍ണ യാദവിന് വേണ്ടി എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചരണ വേദിയിൽ എത്തിയാണ് മുലായം ബാബറി മസ്ജിദ് വിഷയം ഉയര്‍ത്തിയത്.

അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് 1990ൽ നടന്ന കര്‍സേവക്കെതിരെയുണ്ടായ പൊലീസ് വെടിവെപ്പിൽ 16 പേരാണ് മരിച്ചത്. അന്ന് ബാബറി മസ്ജിദ് സംരക്ഷിക്കാൻ വേണ്ടിയാണ് വെടിവെക്കാനുള്ള ഉത്തരവ് നൽകിയതെന്ന് മുലായം പറഞ്ഞു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സമാജ് വാദി പാര്‍ടി ഒറ്റക്ക് അധികാരത്തിൽ വന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സമാജ്‌വാദി പാര്‍ടി എടുത്ത നിലപാടുകൾ വിശദീകരിക്കുമ്പോഴായിരുന്നു ഏറെ വിവാദങ്ങൾക്ക് വെച്ച 1990ലെ ബാബറി വെടിവെപ്പ് മുലായം ചര്‍ച്ചയാക്കിയത്.

അയോദ്ധ്യ വിഷയം ബി.ജെ.പി ചര്‍ച്ചയാക്കുമ്പോൾ അതിന് 1990ലെ സംഭവം ഉയര്‍ത്തി മറുപടി നൽകാൻ തന്നെയാണ് മുലായം ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞ പറ്റിച്ച മോദി അവര്‍ക്ക് ഗഡുക്കളായെങ്കിലും പണം നൽകണമെന്നും പരിഹസിച്ചു. ഒന്നിച്ചുകൊടുക്കാനാകില്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ അഞ്ച് ലക്ഷം വെച്ചെങ്കിലും കൊടുക്കണം. അല്ലെങ്കിൽ രണ്ട് ലക്ഷംവെച്ചെങ്കിലും കൊടുക്കണം-മുലായം പറഞ്ഞു.

എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിൽ ഇടപെടാതെ പ്രചരണ രംഗത്ത് നിന്ന് മാറിനിന്ന മുലായം മരുമകൾ അപര്‍ണ യാദവിന് വേണ്ടി പ്രചരണത്തിന് എത്തിയപ്പോഴാണ് നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചതും ബാബറി വിഷയം ചര്‍ച്ചയാക്കിയതും. യുവാക്കൾക്കൊപ്പം വനിതകൾ കൂടി രാഷ്ട്രീയത്തിലേക്ക് വരണമെന്നും, രാജ്യത്തെ പ്രധാനമാറ്റങ്ങളുടെ തുടക്കം ഉത്തര്‍പ്രദേശിൽ നിന്നാണെന്നും എസ്-പി കോണ്‍ഗ്രസ് സംയുക്ത പ്രചരണ വേദിയിൽ മുലായം പറഞ്ഞു. എന്നാല്‍ എസ്‌പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ വേദിയിൽ സഖ്യത്തെ കുറിച്ച് മുലായം ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.