ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി അഖിലേഷ് യാദവിനെ തള്ളി മുലായം സിംഗ് യാദവ് വീണ്ടും രംഗത്ത്. സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ഇപ്പോഴും താനാണെന്നും അഖിലേഷ് യാദവ് മുഖ്യമന്ത്രി മാത്രമാണെന്നും മുലായം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാം ഗോപാല്‍ യാദവ് വിളിച്ച് ചേര്‍ത്ത കണ്‍വെന്‍ഷന്‍ ചട്ടവിരുദ്ധമാണെന്നും മുലായം ദില്ലിയില്‍ വ്യക്തമാക്കി.

നാല് ദിവസങ്ങളില്‍ പലഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകള്‍ക്കൊന്നും അച്ഛന്‍ മകന്‍ പോരിനെ തണുപ്പിക്കാനായിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് ഇന്ന് മാധ്യമങ്ങളെ കണ്ട മുലായം സിംഗ് യാദവ് നല്‍കിയത്..പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ താനാണെന്നും അഖിലേഷ് മുഖ്യമന്ത്രിമാത്രമാണെന്നും മുലായം പറഞ്ഞു..

അമര്‍സിംഗ്, ശിവ്പാല്‍ യാദവ് എന്നിവരോടൊപ്പമാണ് മുലായം വാര്‍ത്താ സമ്മേളനം നടത്തിയത്. അഖിലേഷിനെ രൂക്ഷമായ ഭാഷയിലാണ് അമര്‍സിംഗും ശിവ്പാല്‍ യാദവും വിമര്‍ശിച്ചത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം തങ്ങളാണെങ്കില്‍ പുറത്ത് പോകാന്‍ തയ്യാറാണെന്ന് അമര്‍സിംഗ് വ്യക്തമാക്കി. അഖിലേഷ് ക്യാമ്പ് ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യജ ഒപ്പുകളാണുള്ളതെന്നും അമര്‍സിംഗ് ആരോപിച്ചു.

നാളെയാണ് മുലായം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്..അണികളെ നിരത്തി ശക്തി പ്രകടനം നടത്താനാണ് മുലായത്തിന്റെ നീക്കം.