ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും. കാലവര്‍ഷത്തെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനാണു പരിശോധന. മേല്‍നോട്ട സമിതിയുടെ പുതിയ ചെയര്‍മാനും തമിഴ്‌നാട് പ്രതിനിധിയും ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.

അണക്കെട്ടില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കും മറ്റ് പരിശോധനകള്‍ക്കും മേല്‍നോട്ടം വഹിക്കാനാണു മൂന്നംഗ മേല്‍നോട്ട സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. ജലനിരപ്പ് 142 അടിയിലെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് സമിതി അവസാനമായി ഡാം പരിശോധിച്ചത്. കേന്ദ്ര ജല കമ്മിഷനിലെ ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയറായിരുന്ന എല്‍ എ വി നാഥനായിരുന്നു അന്ന് അധ്യക്ഷന്‍. ഇദ്ദേഹം സര്‍വ്വീസില്‍ നിന്നുംവിരമിച്ചതിനെത്തുടര്‍ന്ന് സെന്‍ട്രല്‍വട്ടര്‍ കമ്മീഷന്‍ ഡാം സേഫ്റ്റി റിഹാബിലിറ്റേഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ: ബി ആര്‍ .കെ. പിള്ളയെ ചെയര്‍മാനായി നിയമിച്ചു. തമിഴ്‌നാട് പ്രതിനിധിയായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എസ്.കെ.പ്രഭാകരനെയും നിയമിച്ചു.

കേരളത്തിന്റെ പ്രതിനിധിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യനെ മാറ്റിയിട്ടില്ല. ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാനാണ് സമിതി പ്രധാനമായും മുല്ലപ്പെരിയാറിലെത്തുന്നത്. രാവിലെ സന്ദര്‍ശനത്തിനു ശേഷം അംഗങ്ങള്‍ കുമളിയിലെ ഓഫീസില്‍ യോഗം ചേരും. മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നു വിടുന്നതു സംബന്ധിച്ച ഷട്ടര്‍ മാനുവല്‍ തമിഴ്‌നാട് നല്‍കാത്തത് കേരളം യോഗത്തില്‍ ഉന്നയിച്ചേക്കും.

ജലനിരപ്പ് 142 അടിക്കു മുലളിലേക്ക് ഉയരാതിരിക്കാന്‍ ഏതൊക്കെ ഷട്ടറുകള്‍ എത്രവീതം ഉയര്‍ത്തും എത്രഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരം ഉള്‍പ്പെടുത്തിയ ഷട്ടര്‍ മാനുവല്‍ രണ്ടു വര്‍ഷമായി കേരളം ആവശ്യപ്പെടുന്നുണ്ട്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മതിയായ രേഖകളില്ലാതെ സാധനങ്ങള്‍ കൊണ്ടു പോകുന്നത് സുരക്ഷാ ചുമതലയുള്ള കേരള പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തടയാറുണ്ട്. ഇക്കാര്യം തമിഴ്‌നാടും യോഗത്തില്‍ ഉന്നയിക്കും.

ബേബി ഡാമിന്റെ ബലപ്പെടുത്തല്‍, വള്ളക്കടവില്‍ നിന്നും ഡാമിലേക്കുള്ള റോഡിന്റെ നവീകരണം, ഡാമിലെ വൈദ്യുതി കണക്ഷന്‍ തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകാനിടയുണ്ട്.