ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കാനും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണ. ഉപസമിതി യോഗത്തില്‍ കേരളം മുന്നോട്ട് വച്ച ആവശ്യം തമിഴ്‌നാട് അംഗീകരിക്കുകയായിരുന്നു. അതേസമയം പതിനാറിന് നടത്താന്‍ തീരുമാനിച്ചിരുന്ന ഉന്നത അധികാര സമിതിയുടെ സന്ദര്‍ശനം മാറ്റിവച്ചു.

സീപ്പേജ് വെള്ളത്തിന്റെ അളവ് പരിശോധിച്ചു വന്ന സംവിധാനം കാലഹരണപ്പെട്ടു എന്ന കേരളത്തിന്റെ പ്രതിനിധികള്‍ ഉപസമിതി യോഗത്തില്‍ അറിയിച്ചു. അണക്കെട്ടിന്റെ ആദ്യഘട്ടത്തില്‍ സ്ഥാപിച്ച പല ഉപകരണങ്ങളും ഇതേ അവസ്ഥയിലാണെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ തമിഴ്നാട് സമ്മതിച്ചത്. മാറ്റി സ്ഥാപിക്കാന്‍ സാധിക്കാത്തവക്ക് പകരമായി മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേരളം നിര്‍ദേശ്ശിച്ചു. 

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിന് മുന്നോടിയായി സമര്‍പ്പിക്കേണ്ട ഓപ്പറേറ്റിങ്ങ് മാനുവല്‍ ഇത്തവണയും തമിഴ്നാട് ഹാജരാക്കിയില്ല. അണക്കെട്ടില്‍ ജലം ഉയരുന്ന പശ്ചാത്തലമുണ്ടായാല്‍ എങ്ങനെ തുടര്‍നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഓപ്പറേറ്റിങ്ങ് മാനുവല്‍. ഒന്നരവര്‍ഷത്തോളമായി ഓപ്പറേറ്റിംഗ് മാനുവല്‍ സമര്‍പ്പിക്കാത്ത തമിഴ്നാടിന്റെ നടപടിയെ കേരളം ചോദ്യംചെയ്തു. ഇത് അടുത്ത കമ്മിറ്റിയില്‍ അവതരിപ്പിച്ച ശേഷം കേന്ദ്രത്തിലെ വിദഗ്ദ സമിതിയുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്. 

ബേബി ഡാമിന് താഴെയായി എല്ലാ സീസണിലും കാണപ്പെടുന്ന വെള്ളക്കെട്ട് എവിടെ നിന്നാണ് വരുന്നതെന്ന് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം പതിനാറിന് ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഉപസമിതി ഡാം പരിശോധിച്ചതെങ്കിലും, പതിനാറിലെ സന്ദര്‍ശനം താത്കാലികമായി മാറ്റിവച്ചിട്ടുണ്ട്.ഇത് ഇനി എന്ന് നടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.15 ദിവസം കൂടുമ്പോള്‍ സന്ദര്‍ശനം നടത്തണമെന്നിരിക്കെ ഒന്നരവര്‍ഷത്തിന് ശേഷമാണ് ഉപസമിതി ഡാമിലെത്തുന്നത്.