മുംബൈ: തനിയ്ക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു വാദം നടക്കുന്ന എല്ലാ ദിവസവും അയാളെ കോടതിയിലെത്തിച്ചത്. എന്നാല്‍ അന്തിമ വിധി പ്രതികളെ വെറുതെ വിടുകയും കോടതി മുറിയില്‍ വച്ചു പ്രതികളുടെ ആഹ്ളാദ പ്രകടനവും അയാളെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. മുബൈ ബോയ്‍വാഡ കോടതിയാണ് വിചിത്ര സംഭവങ്ങള്‍ക്ക് വേദിയായത്.
അറുപത്തിയേഴുകാരനും ചെറുകിട ബിസിനസുകാരനുമായ ഹരിശ്ചന്ദ്ര ശിഖറിനെ ആക്രമിച്ച കേസിലെ അന്തിമ വാദത്തിലെ വിധി പ്രഖ്യാപനത്തിന് ശേഷമായിരുന്നു കോടതി മുറി ചോരക്കളമായത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. 2009 ല്‍ ശിഖറിന് നേരെയുണ്ടായ ആക്രമണത്തില്‍ മഹേഷ് മാഹ്പ്രോല്‍ക്കര്‍, നന്ദേഷ് കഡ്വാദര്‍ എന്നിവര്‍ക്കെതിരായി ദാദര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇന്നലെയായിരുന്നു അന്തിമവാദം. കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ജഡ്ജിയുടെ തീരുമാനം വന്നതിന് പിന്നാലെ കുറ്റമാരോപിക്കപ്പെട്ടവര്‍ ശിഖറിനെ പരിഹസിച്ച് ചിരിക്കുകയും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പൊലീസ് അകമ്പടിയോടെ പുറത്തേയ്ക്ക് വരികയായിരുന്ന മഹേഷിനെയും നന്ദേഷിനെയും ഹരിശ്ചന്ദ്ര ശിഖര്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പെട്ടന്ന് പിന്നില്‍ നിന്നുണ്ടായ ആക്രമണമായതിനാല്‍ പൊലീസിനും ശിഖറിനെ തടയാന്‍ സാധിച്ചില്ല. ഇരുവരെയും പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശിഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപൂര്‍വ്വം ജീവന് ഹാനികരമാകുന്ന രീതിയില്‍ ഗുരുതരമായ മുറിവേല്‍പിച്ചെന്ന കുറ്റം ചുമത്തിയാണ് ശിഖറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
