മുംബൈ: ബോളിവുഡ് സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍കറെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ മോഡലിന് മൂന്ന് വര്‍ഷം തടവുശിക്ഷ. പ്രീതി ജെയ്ന്‍ എന്ന മോഡലിനാണ് ശിക്ഷ ലഭിച്ചത്. സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് മോഡലിനെ ശിക്ഷിച്ചത്. പ്രീതി ജെയ്‌ന്റെ കൂട്ടുപ്രതികളായ നരേഷ് പര്‍ദേശി, ശിവ്‌റാം ദാസ് എന്നിവരെയും കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ഗൂഢാലോചന കുറ്റത്തിനാണ് ഇരുവരെയും ശിക്ഷിച്ചത്. മറ്റ് രണ്ട് പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വിട്ടയച്ചു. 

2005ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2004ല്‍ പ്രീതി ജെയ്ന്‍ മധൂര്‍ ഭണ്ഡാര്‍കര്‍ക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സംവിധായകനെ വധിക്കാന്‍ പ്രീതി ജെയ്ന്‍ തീരുമാനിച്ചത്. ഇതിനായി 75,000 രൂപയ്ക്ക് തന്‍റെ കൂട്ടുപ്രതികളെ പ്രീതി വാടകയ്ക്ക് എടുത്തു. 

ദൗത്യം നടക്കാതെ വന്നതിനെ തുടര്‍ന്ന് പ്രീതി പണം തിരികെ ചോദിച്ചു. തുടര്‍ന്ന് പ്രതികള്‍ വിഷയം രാഷ്ട്രീയ നേതാവ് അരുണ്‍ ഗാവ്‌ലിയെ അറിയിക്കുകയും അദ്ദേഹം പോലീസില്‍ അറിയിക്കുകയുമായിരുന്നു. 

ഒരാഴ്ചത്തെ അന്വേഷണത്തിന് ശേഷം 2005 സെപ്റ്റംബര്‍ 10ന് പ്രീതി അടക്കമുള്ള പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രീതിയുടെ കൂട്ടുപ്രതിയായ നരേഷിനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീതിയും മറ്റൊരു പ്രതിയായ ശിവറാം ദാസും പിന്നീട് അറസ്റ്റിലായി. ദക്ഷിണ മുംബൈയിലെ സെവ്‌രിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ തുടങ്ങിയ വിചാരണ പിന്നീട് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.