മുംബൈ: ഉറാന്‍ നാവിക താവളത്തിലെ ആയുധപ്പുര സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപം ആയുധധാരികളായ അജ്ഞാതരെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുംബൈയില്‍ അതീവജാഗ്രത. സംഭവത്തെ തുടര്‍ന്ന് അതീവ സുരക്ഷ പ്രഖ്യാപിച്ച നാവിക സേന ഇവിടെ തിരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

കറുത്ത വസ്ത്രമണിഞ്ഞ് തോക്കുകളേന്തിയ അഞ്ചംഗ സംഘത്തെ ചില സ്‌കൂള്‍ കുട്ടികള്‍ ഈ ്രപദേശത്തുവെച്ച് കണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചത്. കാലത്ത് ഏഴ് മണിയോടെയാണ് ഇവരെ കണ്ടതെന്നാണ് സ്‌കൂള്‍ കുട്ടികള്‍ അറിയിച്ചത്. ഇവരില്‍ ഒരു കുട്ടി സംഘത്തോട് സംസാരിച്ചതായും ഇവര്‍ അന്യഭാഷ സംസാരിച്ചിരുന്നതായും കുട്ടികള്‍ മൊഴി നല്‍കിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഒഎന്‍ജിസി എന്നും സ്‌കൂള്‍ എന്നുമുള്ള രണ്ട് വാക്കുകള്‍ ഇവര്‍ സംസാരിക്കുന്നത് കേട്ടതായും കുട്ടികള്‍ മൊഴി നല്‍കി. പത്താന്‍ വസ്ത്രമണിഞ്ഞ സംഘം പുറകില്‍ ബാഗുകള്‍ ധരിച്ചതായും കുട്ടികള്‍ പറഞ്ഞതായി സ്‌കൂള്‍ വൃത്തങ്ങള്‍ പൊലീസിനെ അറിയിച്ചു. 

ഈ വിവരം അതീവ ഗൗരവത്തോടെ പരിഗണിക്കുന്നതായി നാവിക സേനാ വൃത്തങ്ങള്‍ അറിയിച്ചു. നാവിക സനാ താവളങ്ങള്‍ സുരക്ഷിതമാക്കുന്നതിന് എല്ലാ നീക്കങ്ങളും ആരംഭിച്ചതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു. മുംബൈയിലെ വ്യോമസേനാ താവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

പൊലീസും മഹാരാഷ്ട്ര തീവ്രവാദവാദ വിരുദ്ധ സെല്ലും നാവിക സേനയും സംയുക്തമായി ഈ ്രപേദശത്ത് തിരച്ചില്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

മുംബൈയില്‍നിന്ന് 50 കിലോ മീറ്റര്‍ അകലെയാണ് ഉറാന്‍ നാവിക സേനാ താവളം. ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖം, ബാബാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ എന്നിവ ഇതനടുത്തുള്ള പ്രദേശങ്ങളിലാണ്.