സൗത്ത് മുംബൈയിലെ വീടിന് സമീപത്ത് വച്ചാണ് ടെലിവിഷന്‍ ജേണലിസ്റ്റായ ഹെര്‍മന്‍ ഗോമസ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം.  

മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തർദിയോ പ്രദേശത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സൗത്ത് മുംബൈയിലെ വീടിന് സമീപത്ത് വച്ചാണ് ടെലിവിഷന്‍ ജേണലിസ്റ്റായ ഹെര്‍മന്‍ ഗോമസ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം.

സുഹൃത്തുമൊത്ത് ടാക്സിയില്‍ വരുകയായിരുന്ന ​ഹെര്‍മനെ വീടിന് മുന്നില്‍ കാത്തുനിന്ന സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഹെര്‍മന്‍ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അതേസമയം, തനിക്ക് മുൻകൂട്ടി പദ്ധതിയിട്ടാണ് തനിക്കുനേരെ ആക്രമണം അഴിച്ചു വിട്ടതെന്ന് ഹെര്‍മന്‍ ഗോമസ് പറഞ്ഞു. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതികൾ തന്റെ വീട്ടിൽ ഉണ്ടായിരുന്നെന്നും ​ഗോമസ് വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അപലപിച്ചു. ഹെര്‍മന്‍റെ പരാതിയില്‍ പൊലീസ് വേണ്ട ഗൗരവം നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. പരാതി റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് നിര്‍ദ്ദേശിച്ചു.