മുംബെ - പുനൈ യാത്രാ സമയം 25 മിനിറ്റായി ചുരുക്കുന്ന ഹൈപ്പർ ലൂപ് പാതയാണ് പദ്ധതി സ്ഥലമേറ്റെടുപ്പിനെതിരെയുള്ള പ്രതിഷേധം മൂലം മോദിയുടെ പ്രിയപ്പെട്ട ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.
മുംബൈ: അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ മുംബൈ-പൂനൈ ഹൈപ്പർലൂപ്പ് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് മഹാരാഷ്ട്ര സർക്കാർ. കരാറുമായി ബന്ധപ്പെട്ട് ഓപ്പറേറ്റിംഗ് കമ്പനിയുമായി ചർച്ചകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
മുംബെ - പുനൈ യാത്രാ സമയം 25 മിനിറ്റായി ചുരുക്കുന്ന ഹൈപ്പർ ലൂപ് പാതയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായത്. ഇപ്പോൾ സാധ്യതാ പഠനം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് സർക്കാർ.
കഴിഞ്ഞയാഴ്ച അമേരിക്കയിലെത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കരാറുകാരായ ഹൈപ്പർ ലൂപ്പ് കമ്പനിയുമായി ചർച്ച നടത്തി . കമ്പനി പ്രതിനിധികൾ ഉടൻ മുംബൈയിലെത്തും.. രൂപരേഖ തയ്യാറാക്കുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം.
അതെസമയം സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഉയർന്ന പ്രതിഷധങ്ങൾ കാരണം മോദിയുടെ സ്വപ്ന പദ്ധതിയായ അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനായിട്ടില്ല. ഇതിനിടയിലാണ് 200 കീലോമീറ്റർ ദൂരമുള്ള പുതിയ പദ്ധതിയുമായി സർക്കാർ എത്തുന്നത്. പദ്ധതിയുടെ പേരിൽ കൃഷി ഭൂമി ഏറ്റെടുക്കാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും സർക്കാരിന് മുന്നറിയിപ്പ് നൽകി.
