ലാഹോര്‍: 2008 ലെ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് തീവ്രവാദ സംഘടനയായ ലഷ്‍കറെ ത്വയ്യിബ കമാൻഡർ സകിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ ഏഴ് ഭീകരര്‍ക്ക് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി നോട്ടീസ് അയച്ചു.

ലഖ് വി, അബ്ദുൾ വാജിദ്, മസ്ഹർ ഇക്ബാൽ, ഹമദ് അമിൻ സാദിഖ്, ഷാഹിദ് ജമാൽ റിയാസ്, ജമീൽ അഹമ്മദ്, യൂനിസ് അൻജും എന്നിവരെയാണ് പ്രോസിക്യൂഷൻ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.

തീവ്രവാദികള്‍ ഇന്ത്യയിലെത്താന്‍ ഉപയോഗിച്ച ബോട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. കറാച്ചിയിലെ പോര്‍ട്ട് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന അല്‍ ഫൗസ് എന്ന ബോട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

അന്വേഷണ കമ്മീഷന് ബോട്ട് പരിശോധിക്കാന്‍ അനുമതി നിഷേധിച്ച വിചാരണകോടതിയുടെ വിധി നേരത്തെ ഇസ്‌ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷനോടും കുറ്റാരോപിതരോടും കോടതി പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 22 ന് കേസ് വീണ്ടും പരിഗണിക്കും.

2008 നവംബര്‍ 26 ന് മുംബൈ തീരത്ത് ആക്രമണത്തിനായി അല്‍ ഫൗസ് ബോട്ടിലാണ് 10 ലഷ്‌കര്‍ തീവ്രവാദികള്‍ ആയുധങ്ങളുമായി എത്തിയത്. ഇന്ത്യയിലെത്താന്‍ തീവ്രവാദികള്‍ അല്‍ ഫൗസ് ഉള്‍പ്പെടെ മൂന്ന് ബോട്ടുകള്‍ ഉപയോഗിച്ചെന്നാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമീഷന് ബോട്ട് പരിശോധിക്കാന്‍ അനുമതി നിഷേധിച്ച വിചാരണകോടതിയുടെ വിധി നേരത്തെ ഇസ്‌ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. മുബൈ ഭീകരാക്രമണ കേസിൽ പാകിസ്താന്‍ കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാക്കിസ്താന്‍റെ പുതിയ നടപടി.