മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ കാല്‍ നടപ്പാല ദുരന്തം റെയില്‍വെ വിളിച്ചുവരുത്തിയതാണെന്ന് ആക്ഷേപം. ഇടുങ്ങിയ പാലത്തിലൂടെയുള്ള യാത്ര അപകടമാണെന്ന് കാട്ടി പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും നിരവധി പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. 

സുരക്ഷിതമായ ഒരു നടപ്പാലം നിര്‍മിക്കാനാകാത്ത നിങ്ങളാണോ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ പോകുന്നതെന്നെ ആളുകളുടെ ചോദ്യത്തിനുമുന്നില്‍ സര്‍ക്കാര്‍ നാണം കെട്ട് തലതാഴ്തുന്നു. എല്‍ഫീസ്റ്റന്‍-പരേല്‍ സ്റ്റേഷനുകളെ ബന്ധിക്കുന്ന, ബ്രിട്ടീഷ് ഭരണകാലത്തെ പാലത്തില്‍ എന്നും സൂചികുത്താന്‍ ഇടമില്ലാത്തത്ര തിരക്കാണ്. പാലം മാറ്റാന്‍ ഒരു ദുരന്തം വരുംവരെ കാത്തിരിക്കണമോ എന്ന ചോദ്യവുമായി മുന്‍ റെയില്‍വെമന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രിക്കും യാത്രക്കാര്‍ കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു. ശിവസേന എം.പിമായ അരവിന്ദ് സാവന്തും രാഹുല്‍ ഷവാലെയും രണ്ട് കൊല്ലംമുമ്പ് സുരേഷ് പ്രഭുവിന് നിവേദനവും നല്‍കിയതാണ്.

2016 പതിനേഴ് വര്‍ഷത്തെ ബജറ്റില്‍ 11.86കോടിയുടെ കാല്‍നടപ്പാലം പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ പ്രഖ്യാപനം കടലാസിലൊതുങ്ങി. അതുകൊണ്ടുതന്നെ ബി.ജെ.പി സര്‍ക്കാരാണ് ഈ ദുരന്തത്തിന് ഉത്തരവാദികളെന്നുപറ‍ഞ്ഞ് സഖ്യകക്ഷിയായ ശിവസേന, പ്രത്യക്ഷ സമരം തുടങ്ങിക്കഴിഞ്ഞു. ശിവസേനയുടെ ആരോപണത്തിന് ബി.ജെ.പിക്ക് മറുപടിയില്ല. വീഴ്ച സമ്മതിച്ച ബി.ജെ.പി മന്ത്രി ഗിരീഷ് മഹാജന്‍ ഇനിയങ്ങോട്ട് എല്ലാം ശരിയാക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. നഷ്‌ടപരിഹാരം അല്ല വേണ്ടത് ജീവിക്കാനുള്ള ജോലിയാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു.