മുംബൈ നഗരത്തിനായി ഇനി അവശേഷിക്കുന്നത് 56 ദിവസം ഉപയോഗിക്കാനുള്ള വെള്ളം മാത്രമെന്ന് റിപ്പോർട്ട്

മുംബൈ: മുംബൈ നഗരത്തിനായി ഇനി അവശേഷിക്കുന്നത് 56 ദിവസം ഉപയോഗിക്കാനുള്ള വെള്ളം മാത്രമെന്ന് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരത്തില്‍ മഴ ലഭിക്കാതായതോടെയാണ് കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നത്. 

ഒരു ദിവസം 4200 ദശലക്ഷം ലിറ്റർ വെള്ളമാണു മുംബൈ നഗരത്തിന് ആവശ്യം. ഇതിൽ 3800 ലീറ്ററാണു കോർപറേഷൻ വിതരണം ചെയ്യുന്നത്. ജൂൺ 18ലെ കണക്കുപ്രകാരം 2,15,157 ദശലക്ഷം ലിറ്റർ വെള്ളമാണ് മുംബൈയ്ക്ക് വെള്ളം നല്‍കുന്ന സ്രോതസുകളില്‍ അവശേഷിക്കുന്നത്.

എന്നാല്‍ സമീപ ദിവസങ്ങളില്‍ മഴ പെയ്യുമെന്ന പ്രതീക്ഷയിൽ നഗരത്തിലെ ജല വിതരണത്തിനു ബൃഹദ് മുംബൈ മുനിസിപ്പൽ കോർപറേഷൻ(ബിഎംസി) ഇതുവരെ ജല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച മുംബൈയിൽ ശക്തമായി മഴ പെയ്തിരുന്നു. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നും ഇതോടെ ഏഴു നദികളിലും ജലത്തിന്‍റെ അളവ് ഉയരുമെന്നു കരുതുന്നതായും സാഹചര്യങ്ങൾ വിലയിരുത്തി ജലവകുപ്പ് ഉദ്യോഗസ്ഥർ‌ പറയുന്നു. 

മുംബൈ നഗരത്തിലെ ആവശ്യങ്ങൾക്ക് ഒരു വർഷം ജലക്ഷാമമില്ലാതെ കടന്നുപോകാൻ 14.47 ലക്ഷം മില്യൺ ലിറ്റർ വെള്ളമാണു മഴയിലൂടെ ലഭിക്കേണ്ട‌‌ത്. പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിൽ നഗരം വരൾച്ചയിലേക്കു നീങ്ങും.കഴിഞ്ഞ വർഷം ഇതേ സമയം 2,70,828 ദശലക്ഷം ലീറ്റർ വെള്ളം ബാക്കിയുണ്ടായിരുന്നു.