ബൈക്ക് യാത്രികയായ മുംബൈ സ്വദേശിനി ട്രക്ക് ശരീരത്തില്‍ കയറി മരിച്ചു. വുമണ്‍ ഒണ്‍ലി ബൈക്കേര്‍സ് ക്ലബ് അംഗമായ 34കാരി ജഗ്രുതി വിരാജ് ഹോഗലേ ആണ് മരിച്ചത്. എട്ടുവയസ്സുകാരിയായ ഒരു കുട്ടിയുണ്ട് ഇവര്‍ക്ക്. സൂഹൃത്തുക്കളുമായി ഞായറാഴ്ച്ച ചെലവിടാനുള്ള യാത്രയിലായിരുന്നു ജഗ്രുതി. ട്രക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. കനത്ത മഴയായിരുന്നതിനാല്‍ റോഡിലെ കുഴി കാണാന്‍ കഴിഞ്ഞില്ല. ബൈക്ക് വെട്ടിക്കാന്‍ ശ്രമിച്ച ഇവര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിരെ വന്ന ട്രക്ക് ശരീരത്തിലൂടെ കയറി ഇറങ്ങി.
പിന്നാലെ ബൈക്കില്‍ വന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പേ മരിച്ചിരുന്നു. മുംബൈ റോഡുകളെ വിമര്‍ശിച്ച് റേഡിയോ ജോക്കി മലിഷ്ക്ക പാരഡി വീഡിയോ ഇറക്കിയത് വലിയ വിവാദമായത് ദിവസങ്ങള്‍ക്ക് മുമ്പാണ്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ പാരഡി വീഡിയോയിലൂടെ അപമാനിച്ചു എന്ന് ശിവ സേന ആരോപിച്ചിരുന്നു. എന്നാല്‍ ഈ അപകടം വിരല്‍ ചൂണ്ടുന്നത് റോഡുകളുടെ മോശം അവസ്ഥയെയാണ്. റോഡുകളിലെ കുഴികള്‍ അടയ്ക്കുകയാണെന്നാണ് ശിവസേനാ നേതാവ് അദിത്യ താക്കറെ പറയുന്നത്.
