ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് ഒടിപി പങ്കുവച്ച സ്ത്രീയുടെ 7 ലക്ഷം കവര്‍ന്നു

മുംബൈ: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ നാല്‍പ്പതുകാരിയുടെ ഏഴ് ലക്ഷം രൂപ കവര്‍ന്നു. ബാങ്ക് ഒടിപി മനസ്സിലാക്കിയത് വഴിയാണ് കവര്‍ച്ച നടന്നത്. താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാകാത്ത നാല്‍പ്പതുകാരി 28 തവണയാണ് ഒടിപി അപരിചിതനുമായി പങ്കുവച്ചത്. ബാങ്കില്‍നിന്നാണെന്ന വ്യാജേനെ വിളിച്ച് ആള്‍ക്കാണ് സ്ത്രീ ബാങ്ക് ഒടിപി പറഞ്ഞുകൊടുത്തത്. തന്‍റെ ബാങ്ക് അക്കൗണ്ടില്‍ 7.20 ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്ന് തസ്നീം മുജ്ജാക്കര്‍ മൊഡക് പറഞ്ഞു. മെയ് 17ന് മൊഡക്കിന് ബാങ്കറെന്ന് അവകാശപ്പെടുന്ന ആളുടെ ഫോണ്‍ വന്നു. 

മൊഡക്കിന്‍റെ ഡെബിറ്റ് കാര്‍ഡ് സാങ്കേതിക കാരണങ്ങളാല്‍ ബ്ലോക്ക് ആയെന്നും അത് അണ്‍ബ്ലോക്ക് ചെയ്യാന്‍ കാര്‍ഡിന്‍റെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. മൊഡാക്ക് എല്ലാ വിവരങ്ങളും അയാളുമായ പങ്കുവച്ചു. ഇതില്‍ സിവിവി, 16 ഡിജിറ്റ് ഡെബിറ്റ് കാര്‍ഡ് നംബര്‍ പേര് വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടും. 

ഒരാഴ്ചകൊണ്ട് 28 ഒടിപി ആണ് പങ്കുവച്ചത്. ഇതോടെ ഇയാള്‍ 698973 രൂപ ബാങ്കില്‍നിന്ന് കവര്‍വന്നു. തുടര്‍ന്ന് സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുംബൈ, നോയിഡ, ഗുരുഗ്രാം, കൊല്‍ക്കത്ത, ബംഗളുരു എന്നിവിടങ്ങളില്‍വച്ചാണ് ട്രാന്‍സാക്ഷന്‍ നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മൊഡാക്കിനെ ബന്ധപ്പെടാന്‍ മൂന്ന് മൊബൈല്‍ സിം കാര്‍ഡുകളാണ് അയാള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.