മുംബൈ: യോഗ പഠിക്കാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ യോഗ ഗുരു അറസ്റ്റില്‍. മുംബൈയിലെ സേരിയില്‍ യോഗ ക്ലാസ് നടത്തുന്ന ശിവറാം റൗട്ട് (57) ആണ് അറസ്റ്റിലായത്. മോക്ഷം ലഭിക്കണമെങ്കില്‍ യോഗ ഗുരുവെന്ന നിലയില്‍ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞാണ് ഇയാള്‍ അതിക്രമത്തിനു മുതിര്‍ന്നത്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇയാള്‍ യോഗ ക്ലാസ് നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചകളിലാണ് ശിവറാമിന്റെ യോഗ ക്ലാസ്. കഴിഞ്ഞയാഴ്ചയാണ് യുവതി ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ശിവറാമിനെതിരെ ഐപിസി 354, 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയെന്നും പുതിയ പരാതികളും അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആറു വര്‍ഷമായി ശിവറാം യോഗ ക്ലാസുകള്‍ നടത്തുന്നുണ്ട്. പരാതിക്കാരിയുടെ ഭര്‍ത്താവും ഇവിടെ യോഗയ്ക്ക് പോയിരുന്നു. യോഗ പഠിക്കാനെത്തിയിരുന്ന സ്ത്രീകളെ ഇയാള്‍ മുന്‍പും ചൂഷണം ചെയ്തിരുന്നുവെന്ന് പരാതിയിലുണ്ട്. യുവതിയും ഭര്‍ത്താവും പരാതി നല്‍കിയതിനു പിന്നാലെ മൂന്നുനാലു സ്ത്രീകള്‍കൂടി ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.