നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലമേളയില്‍ കരുത്ത് കാട്ടാനുള്ള തയ്യാറെടുപ്പിലാണ് ചെങ്ങന്നൂരിലെ മുണ്ടങ്കാവ് പള്ളിയോടം. ഒരു നൂറ്റാണ്ട് പഴക്കമുള്ള പള്ളിയോടം പുതുക്കിപ്പണിതാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്.

അമ്പത്തിരണ്ട് പള്ളിയോടങ്ങളാണ് ആറന്മുള പള്ളിയോട സേവാസംഘത്തിലുള്ളത്. ഇതില്‍ ഏറ്റവും പഴക്കം അവകാശപ്പെടാവുന്നതാണ് മുണ്ടങ്കാവ് പള്ളിയോടത്തിന്. ഏകദേശം 100 വര്‍ഷം മുന്പ് അയിരൂര്‍ കരക്കാരാണ് ഇത് പണിതത്. 1958ല്‍ മുണ്ടന്‍കാവ്കാര്‍ വാങ്ങി. പിന്നീടങ്ങോട്ട് ആറന്മുള വള്ളസദ്യയിലും ഉത്രട്ടാതി ജലമേളയിലും മുണ്ടന്‍കാവ് കരയെ പ്രതിനിധീകരിച്ചു. ഇത്തവണ ആറന്മുള ജലമേളയ്‍ക്ക് പുതുക്കിപ്പണിത പള്ളിയോടവുമായാണ് കരക്കാര്‍ എത്തുന്നത്. പഴയ പള്ളിയോടത്തേക്കാള്‍ വലിപ്പം കൂട്ടി. ഇപ്പോള്‍ പതിനേഴരയടി അമരപ്പൊക്കവും നാല്‍പ്പത്തിയേഴേകാല്‍ കോല്‍ നീളവും 66 അംഗുലം ഉടമയുമുണ്ട്. എ ബാച്ച് വിഭാഗത്തില്‍പ്പെട്ട പള്ളിയോടത്തില്‍ 110 പേര്‍ക്ക് കയറാം. സുരേഷ് ഗോപി എം പിയാണ് പുതുക്കിപ്പണിത പള്ളിയോടത്തിന്‍റെ നീറ്റിലിറക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.


ജീര്‍ണ്ണിച്ചതിനെത്തുടര്‍ന്നായിരുന്നു പള്ളിയോടം പുതുക്കിപ്പണിതത്. കോട്ടയത്തെ പൊന്‍കുന്നത്തുനിന്നാണ് ഇതിനാവശ്യമായ ആഞ്ഞിലിത്തടികള്‍ എത്തിച്ചത്.