മൂന്നാര്‍: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ മര്‍ദ്ദിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ഇക്കാനഗര്‍ കോളനിയില്‍ താമസിക്കുന്ന എം. കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൂന്നാര്‍ എം.ജി കോളനിയിലെ അനധികൃത നിര്‍മ്മാണം ഒഴിപ്പിക്കാനെത്തിയ സ്‌പെഷ്യല്‍ ഓഫീസറെ കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം തടഞ്ഞുവെയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പോലീസ് കേസെടുത്തെങ്കിലും രാഷ്ട്രീയ സമര്‍ദ്ദംമൂലം പ്രതിയെ പിടികൂടാന്‍ കൂട്ടാക്കിയിരുന്നില്ല. ജില്ലാ നേത്യത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഞയറാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നാര്‍ ടൗണില്‍ അനധികൃതമായി നിര്‍മ്മിച്ച ഇരുനില കെട്ടിടം പൊളിച്ചനീക്കിയ സംഭവത്തിലും ഇക്കാനഗറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന കുമാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു.
