ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതോടെ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലും നിലച്ചേക്കും. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍
ഒഴിപ്പിക്കലിനെ എതിര്‍ക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.
മൂന്നാറിലെ വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പക്കണമെന്ന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ പറയുമ്പോഴും നടപടികളിലേക്ക് എത്തുമ്പോള്‍ പ്രാദേശിക നേതൃത്വം പ്രതിഷേധവുമായി വരും. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് വി.വി.ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കാര്യത്തില്‍ നടന്നത്. സി.പി.ഐയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഈ സ്ഥലം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ നിര്‍ദ്ദശിച്ചിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ സ്വീകരിച്ച നിലപാടാണ് പുതിയ സബ്കളക്ടറും പിന്തുടരുന്നതെങ്കില്‍ എതിര്‍ക്കുമെന്നാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെയും നിലപാട്.
ജില്ലയില്‍ വിവിധ ഭാഗത്ത് പലതരത്തിലുളള നീതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.എം പറയുന്നത്. മൂന്നാറിനു പുറമെ ചിന്നക്കനാല്‍ മേഖലയില്‍ ചില വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടികള്‍ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. ഇതും സ്ഥലംമാറ്റത്തിനു കാരണമായിട്ടുണ്ടെന്നാണ് സൂചന. കയ്യേമൊഴിപ്പിക്കല്‍ സംഘത്തിലുണ്ടായിരുന്ന ദേവികുളം അഡീഷണല്‍ തഹസില്‍ദാരെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പുതിയതായി എത്തുന്ന സബ്കളക്ടറും തഹസില്‍ദാരും ഫയലുകള്‍ പഠിച്ചു വരുമ്പോഴേക്കും ഒഴിപ്പിക്കല്‍ തുടങ്ങാന്‍ മാസങ്ങള്‍ വേണ്ടിവരും.
