ഉത്തരവ് പുറവെടുവിച്ചപ്പോൾ കളക്ടർ-സബ് കളക്ടർ തലത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം: മൂന്നാറിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കെട്ടിട്ട നിർമ്മാണത്തിന് എൻ.ഒ.സി. നിർബന്ധമാക്കിയ നടപടി പിൻവലിക്കാനാവില്ലെന്നും ഉത്തരവ് പുറവെടുവിച്ചപ്പോൾ കളക്ടർ-സബ് കളക്ടർ തലത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. 

മൂന്നാറിലെ എട്ട് വില്ലേജുകളില്‍ വീട് നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടി കെ.എം.മാണി കൊണ്ടുവന്നഅടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മെയ് 26-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് മൂന്നാര്‍ മേഖലയിലെ ഭവനനിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയത്. 

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 26--.05-.2018ന് സർക്കാർ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കൊണ്ട് ഉത്തരവിറക്കിയതെന്നും അതിനാല്‍ തന്നെ ഏകപക്ഷീയമായി ഈ ഉത്തരവ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോകുകയും ചെയ്തു.