മൂന്നാര്‍: കനത്ത മഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളാണ് ഇപ്പോൾ തുറന്നിട്ടുളളത്. ആറുകൾ കരകവിഞ്ഞതോടെ പഴയമൂന്നാറിൽ പല സ്ഥലങ്ങളും വെളളത്തിനടിയിലായി. മൂന്നാര്‍ ടൗണ്‍ ഒറ്റപ്പെട്ട നിലയിലാണ്. ദേശീയപാതയില്‍ വെള്ളം കയറി.

മൂന്നാറിലും മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തും ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്.  നിമിഷം തോറും ജലനിരപ്പുയരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്ന് ജലമൊഴുക്കി വിടാൻ കെഎസ്ഇബി തീരുമാനിച്ചത്. ഒരു ഷട്ടർ മുപ്പതു സെന്‍റി മീറ്ററും രണ്ടാമത്തേത് പതിനഞ്ചു സെന്‍റി മീറ്ററുമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. നീരൊഴുക്കിന്‍റെ ശക്തി കൂടുന്നതിനനുസരിച്ച് ആവശ്യമെങ്കിൽ മൂന്നാമത്തെ  ഷട്ടറും തുറക്കാനാണ് തീരുമാനം. 

47 മീറ്റർ ഉയരമുളള അണക്കെട്ടിന്‍റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുത്തോടെയാണ് ഷട്ടറുകൾ തുറന്നത്.  കനത്ത കാറ്റും മഴയും കണക്കിലെടുത്ത് സംഭരണിയിലെ ബോട്ടിംഗും നിറുത്തി വച്ചിരിക്കുകയാണ്. മാട്ടുപ്പെട്ടി അണക്കെട്ടിൽ നിന്നുളള ജലം ഒഴുകിയെത്തുന്ന ഹെഡ്‌വർക്ക്‌ ഡാമും നിറഞ്ഞിരിക്കുകയാണ്. പളളിവാസൽ പവ്വർഹൗസിൽ പൂർണ്ണതോതിൽ വൈദ്യുതോൽപാദനം നടത്തിയിട്ടും ഹെഡ്‌വർക്ക്‌ ഡാം കവിഞ്ഞൊഴുകുകയാണ്. തിങ്കളാഴ്ച തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതിനാൽ അപകടങ്ങൾ ഒഴിവായിട്ടുണ്ട്.