മൂന്നാര്‍: മൂന്നാറിലെ കച്ചവടക്കാരുടെ ഭൂപ്രശ്നപരിഹാരത്തിനുള്ള നിയമ തടസം നീക്കുമെന്ന് മൂന്നാര്‍ യോഗത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്. 22 സെന്‍റിലെ കയ്യേറ്റമൊഴിപ്പിക്കൽ ഹൈക്കോടതി വിധിക്ക് ശേഷം തീരുമാനിക്കമെന്നാണ് യോഗത്തിലെ ധാരണ. റവന്യൂമന്ത്രി യോഗത്തിൽ നിന്ന് വിട്ടു നിന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തെ കാനം രാജേന്ദ്രൻ തള്ളി.
സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സര്‍വക്ഷി യോഗം ചേര്‍ന്നത് . എന്നാൽ യോഗം വിളിക്കാൻ ആവശ്യപ്പെട്ട സി.പി.ഐ നേതാക്കളുടെ പേരുകള്‍ യോഗത്തിൽ മുഖ്യമന്ത്രി വായിച്ചു . സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്ന സി.പി.ഐ ജില്ലാ സെക്രട്ടറി കൂടി ഒപ്പിട്ട എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ പരാതിയും ഉദ്ധരിച്ചു
ഭൂപ്രശ്നത്തിൽ റവന്യൂവകുപ്പിനും സര്‍ക്കാരിനും ഒരേ നിലപാടെന്നാണ് മുഖ്യമന്ത്രിയുടെ വാദം . മൂന്നാറിൽ പതിച്ചു കൊടുക്കാവുന്നതിൽ പൊതു ആവശ്യത്തിനുള്ളത് മാറ്റിവച്ച് ബാക്കി ഭൂമിക്ക് പട്ടയം കൊടുക്കും. കെ.ഡി.എച്ച് വില്ലേജിലെ കുത്തക പാട്ട ഭൂമിയിൽ നിയമപ്രശ്നമില്ലാത്തവയ്ക്കും പട്ടയം നല്‍കും.കരവും സ്വീകരിക്കും. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവികുളം സബ് കലക്ടറെ എസ്.രാജേന്ദ്രന്‍ എം.എല്‍.എ വിമര്‍ശിച്ചു. യോഗത്തിൽ നിന്ന് വിട്ടു നിന്ന റവന്യൂമന്ത്രി കോട്ടയത്ത് പൊതുപരിപാടിയിൽ പങ്കെടുത്തു. ആര്‍ക്കു വേണമെങ്കിലും യോഗം വിളിക്കാമെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം
