മൂന്നാര്‍: ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തെ അട്ടിമറിക്കാൻ വനം വകുപ്പിന്‍റെ ഒത്താശ. ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയുമെന്നും പ്രദേശത്ത് വീടുകളും കൃഷി ഭൂമിയുണ്ടെന്നും ചൂണ്ടിക്കാട്ടി മൂന്നാര്‍ വൈൽഡ് ലൈഫ് വാര്‍ഡൻ ഇടുക്കി കലക്ടര്‍ക്ക് കത്ത് നല്‍കി. ജോയ്സ് ജോര്‍ജ് അടക്കമുള്ള കയ്യേറ്റക്കാരെ സഹായിക്കാനാണ് വിസ്തൃതി കുറയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
റവന്യൂ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ കുറിഞ്ഞി ഉദ്യാനത്തിന്‍റെ പരിധിയ്ക്കകത്തെ പ്രദേശത്ത് വന്‍കിട കയ്യേറ്റങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പതിച്ചു കൊടുക്കാൻ കഴിയാത്ത സ്ഥലത്ത് വ്യാജ പട്ടയമുണ്ടാക്കിയെന്ന കാരണത്താൽ ഇടുക്കി എം.പിയുടെയും കുടുംബത്തിന്‍റെയും പട്ടയം റദ്ദാക്കി . അപ്പോഴാണ് വനം വകുപ്പിലെ വൈൽഡ് ലൈഫ് വാര്‍ഡൻ തന്നെ ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയ്ക്കാൻ വഴിയൊരുക്കുന്നത്.
ഭൂമി കയ്യേറി വന്‍തോതിൽ യൂക്കാലിപ്റ്റിസ് കൃഷി ചെയ്യുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുള്ളത് .അതേ സമയം ഇവിടെ കൃഷിയിടങ്ങളും വീടും ഉണ്ടെന്നും യൂക്കാലിപ്റ്റ്സാണ് ഇവിടെ കൃഷി ചെയ്യുന്നതെന്നും വാര്‍ഡന്‍റെ കത്തിൽ പറയുന്നു. വനഭൂമിയിലുള്ള ഫൈര്‍ലൈനുള്ളിലും കൃഷി ഭൂമിയുണ്ടെന്ന പറയുന്ന വാര്‍ഡൻ ഫൈര്‍ ലൈന്‍ വനാതിര്‍ത്തിയായി കാണാനാവില്ലെന്നാണ് കലക്ടറെ അറിയിക്കുന്നത്.
ഉദ്യാനത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് അതിര്‍ത്തി ഇപ്പോള്‍ വിജ്ഞാപനം ചെയ്തുതോ പോലെയാണോയെന്ന് പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം . കഴിഞ്ഞ മാര്‍ച്ചിൽ മുഖ്യമന്ത്രി വിളിച്ച യോഗം അതിര്‍ത്തി പുനര്‍നിര്‍ണയിക്കാൻ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കത്ത് . മന്ത്രിതല സമിതിയിൽ എം.എം മണിയെ ഉള്‍പ്പെടുത്തിയത് കള്ളനെ താക്കോൽ ഏല്‍പിക്കും പോലെയെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു
ജോയ്സ് ജോര്‍ജിന്‍റെ കയ്യേറ്റത്തെ സഹായിക്കാനാണ് മുഖ്യമന്ത്രി അസാധാരണമായി യോഗം വിളിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍ ആരോപിച്ചു . നിയമലംഘകര്‍ക്ക് രക്ഷാകവചമൊരുക്കാനാണ് കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി നിര്‍ണയിക്കാനുള്ള തീരുമാനമെന്ന് വി.എം സുധീരനും വിമര്‍ശിച്ചു
