മൂന്നാര്‍: മൂന്നാറിൽ അവധി ദിനത്തിലെ അനധികൃത നിർമ്മാണം തടയാനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ പ്രതിഷേധം. സിപിഎം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉദ്യോഗസ്ഥർ വീടുകളിൽ കയറി പരിശോധന നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
മൂന്നാർ ന്യൂകോളനി റോഡിലെ ഗുരു ഭവൻ ഹോട്ടലിൽ അനധികൃത നിർമ്മാണം നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് തഹസീൽദാർ ഫിലിപ്പ് ചെറിയാന്‍റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരിശോധനക്ക് എത്തിയത്.
മുകളിലത്തെ നിലയിൽ നടന്നു വന്നിരുന്ന ജോലികൾ സംഘം തടഞ്ഞു. ഉടമയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. വാഹനത്തിൽ മടങ്ങാനൊരുങ്ങുമ്പോഴാണ് സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എത്തിയത്. ഏരിയാ സെക്രട്ടറി കെ.കെ.വിജയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹോട്ടലിലും, കോളനിയിലെ വീടുകളിലും കയറി പരിശോധന നടത്തുന്നുവെന്നാരോപിച്ച് റവന്യൂ സംഘത്തെ തടഞ്ഞു.
വിവരമറിഞ്ഞ് മൂന്നാർ എസ്ഐ എത്തി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള പരിശോധനകൾ തൽക്കാലം നടത്തരുതെന്ന് നിർദ്ദേശിച്ചു. പോലീസ് ക്യാമ്പിന് സമീപം സർക്കാർ ഭൂമി കൈയേറി നിർമ്മാണം നടത്തിവന്നിരുന്ന നാലു പേർക്കെതിരെ റവന്യൂ വകുപ്പിന്‍റെ നിർദ്ദേശ പ്രാകാരം കേസ്സെടുത്തു. ന്യൂ കോളനി സ്വദേശികളായ മുനി ചന്ദ്രൻ, ഗോവിന്ദൻ, ശശികുമാർ, വിജയൻ എന്നിവർക്തക്കെതിരെയാണ് കേസ് എടുത്ത് ജാമ്യത്തിൽ വിട്ടയച്ചത്.
