Asianet News MalayalamAsianet News Malayalam

ശബരിമലയിലെ യുവതീ പ്രവേശം; മാവോയിസ്റ്റ് ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്ന് വി മുരളീധരന്‍

ശബരിമലയില്‍ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും വി മുരളീധരന്‍ 

muraleedharan seeks nia to inquir about maoist conmnection in sabarimala womane entry
Author
Delhi, First Published Jan 3, 2019, 7:58 PM IST

ദില്ലി: ശബരിമലയില്‍ യുവതികള്‍ കയറിയതിലെ മാവോയിസ്റ്റ് ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്ന് വി മുരളീധരന്‍ എംപി. ശബരിമലയില്‍ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും വി മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് നിവേദനം നല്‍കി. 

ഒരാഴ്ചയായി രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞശേഷം, തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു കനകദുര്‍ഗയുടേയും ബിന്ദുവിന്റേയും ശബരിമല കയറ്റം. സംസ്ഥാന പൊലിസിന്റെ പിന്തുണ മാത്രമല്ല പരിശീലനവും ഇരുവര്‍ക്കും ലഭിച്ചു. ശബരിമല ദര്‍ശനത്തിന് എത്തുന്നതിന് കനകദുര്‍ഗക്കും ബിന്ദുവിനും വനംവകുപ്പിന്റെ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി. പരാമ്പരാഗത രീതിയിലൂടെ 18 പടികള്‍ ചവിട്ടാതെയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. നിയമപാലനം നടത്തേണ്ട പൊലിസ് തന്നെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. 

ഇവരുടെ പൂര്‍വകാലവും ഇവര്‍ക്ക് ലഭിച്ച സൗകര്യങ്ങളും പരിശീലനവും പരിശോധിച്ചാല്‍തന്നെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള തെളിവുകള്‍ ലഭിക്കും. 

ഇവര്‍ ദിവസങ്ങള്‍ക്കു മുമ്പ് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് ഭക്തര്‍ തടയുകയും തുടര്‍ന്ന് തിരിച്ചുപോകേണ്ടി വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇവര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കാമെന്ന വാഗ്ദാനം ലഭിച്ചത്. ദര്‍ശനത്തിനെത്തുമ്പോള്‍ തിരിച്ചറിയപ്പെടാത്ത രീതിയിലായിരുന്നു ഇരു സ്ത്രീകളുടേയും വസ്ത്രധാരണം. ഇവര്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡുകളേയും പൊലീസുകാരേയും ആ സമയത്ത് അവിടെനിന്നു മാറ്റുകയും ചെയ്തുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരും മാവോയിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയാണ് ഇതെല്ലാം കാണിക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലിസ് അസോസിയേഷന്‍ ഇതിലെല്ലാം നിര്‍ണായക പങ്കാണ് വഹിച്ചതെന്നും നിവേദനത്തില്‍ പറയുന്നു. 

ശബരിമലയുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കുവേണ്ടി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതുമായി ഒരു ബന്ധവും അവിടെ നടന്ന ഈ സംഭവങ്ങള്‍ക്കില്ല. ശബരിമല ദര്‍ശനം നടത്തിയ രണ്ട് യുവതികളുടേയും പൂര്‍വ ചരിത്രം പരിശോധിച്ചാല്‍ ഇവര്‍ രണ്ടുപേരും ഭക്തരല്ലെന്നും മനസിലാക്കാം. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു തരത്തിലുമുള്ള സുരക്ഷ ഒരുക്കേണ്ടതുമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതികള്‍ക്ക് സര്‍ക്കാര്‍ ശബരിമലയില്‍ ദര്‍ശന സൗകര്യം ഒരുക്കിയതിലൂടെ കോടിക്കണക്കിനായ അയ്യപ്പ ഭക്തരുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത്. അവരുടെ പ്രതിഷേധത്തെ സംസ്ഥാന സര്‍ക്കാര്‍ അക്രമംകൊണ്ടാണ് നേരിടുന്നത്. സംസ്ഥാനത്തെ സാഹചര്യം തീര്‍ത്തും കലുഷിതമായി മാറിയിരിക്കുന്നു. കനകദുര്‍ഗയേയും ബിന്ദുവിനേയും ശബരിമല ദര്‍ശനത്തിനു കൊണ്ടുപോയതുമായി ബന്ധപ്പെട്ട നടപടികള്‍ക്കു പിന്നിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ അന്വഷണ ഏജന്‍സി അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിന് അടിയന്തര നിര്‍ദേശം നല്‍കണമെന്നും വി.മുരളീധരന്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios