മുംബൈയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു. ഭാര്യക്ക് അവിഹിത ബന്ധം ഉണ്ട് എന്ന സംശയമാണ് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്.

മുംബൈയിലെ വെര്‍സോവയിലാണ് 28 കാരനായ സൂരജ് പൂജാരി തന്റെ ഭാര്യ പ്രീതിയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് 15ല്‍ ഏറെ തവണ തലയില്‍ ആഞ്ഞടിച്ചാണ് അരുംകൊല നടത്തിയത്. ഭാര്യക്ക് അവിഹിതബന്ധമുണ്ട് എന്ന സംശയമാണ് സൂരജ്പൂജാരിയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതേ കാരണത്താല്‍ ക‍ഴിഞ്ഞ അഞ്ച് മാസത്തോളമായി പിരി‍ഞ്ഞു താമസിക്കുകയായിരുന്ന ഇവര്‍ക്ക് ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍കുഞ്ഞ് ഉണ്ട്. കഴിഞ്ഞ ദിവസം പ്രീതി പൂജാരിയുടെ താമസസ്ഥലത്ത് എത്തിയ സൂരജ്, പ്രീതിയെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു. പ്രീതി മരിച്ചു എന്ന് കരുതിയ സൂരജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എന്നാല്‍ പ്രീതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടനെ അവരെ ഹോസ്‌പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ സുരജിനെ കോടതി റിമാന്‍ഡ് ചെയ്തു.