നായാട്ട് സംഘത്തില്‍പ്പെട്ടയാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടിപ്പെരിയാര്‍ രാജമുടി കുട്ടന്‍ ഷാജി എന്ന ഷാജി ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
രാജമുടിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിനുള്ളിലാണ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചിലും മുഖത്തുമായി അന്‍പതോളം സ്ഥലത്ത് തോക്കില്‍ നിന്നുള്ള ചീളുകള്‍ തെറിച്ച് മുറിവേറ്റിരുന്നു. മൃതദേഹത്തിന്‍റെ വലതു ഭാഗത്ത് നാടന്‍ തോക്കുമുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച തോക്കില്‍ നിന്നും സ്വയം നിറയൊഴിച്ചാല്‍ ഇത്തരത്തിലുള്ള അപകടത്തിന് സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്.
നെല്ലിമല ജംഗ്ഷനിലെ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കാണ് ഷാജി. പകല്‍ വീട്ടിലുണ്ടായിരുന്ന ഷാജി വണ്ടിപ്പെരിയാറിലേക്ക് പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ വിട്ടില്‍ വച്ചിരുന്നു. ഈ സമയം ഏലത്തോട്ടമുടമ ഫോണില്‍ വിളിച്ച് ഷാജി എവിടെയാണെന്ന് അന്വേഷിച്ചിരുന്നതായി ഭാര്യ മൊഴി നല്‍കി. ഏഴരയോടെ ഷാജി ഏലത്തോട്ടത്തിലേക്ക് പോയി. രാത്രി വൈകിയും തിരികെ എത്താത്തതിനെ തുടര്‍ന്ന് എസ്റ്റേറ്റ് ഉടമയോട് ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഷാജി നേരത്തേ തിരികെ പോയെന്ന് പറഞ്ഞു. സംഭവത്തില്‍ അസ്വാഭികത തോന്നിയതിനാല്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പോലിസ് മേധാവി കെ. ബി.വേണുഗോപാല്‍, കട്ടപ്പന ഡിവൈഎസ്‌പി എന്‍.സി രാജ് മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലുള്ള മൃതദേഹം ബാലിസ്റ്റിക് വിദഗ്ദ്ധരെത്തി പരിശോധിക്കും.
