എറണാകുളം മട്ടാഞ്ചേരിയിൽ വീട്ടുജോലിക്കാരി മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഇതിനിടെ ഒളിവിൽപ്പോയ വീട്ടിലെ മറ്റൊരു ജോലിക്കാരനായിരുന്ന കർണാടക സ്വദേശി മജീന്ദ്രനെ മൈസൂരിൽവെച്ച് പൊലീസ് പിടികൂടി. വൃദ്ധയുമായുളള വാക്കുതർക്കം കൊലപാതകത്തിൽ എത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
മട്ടാഞ്ചേരി ഫയർ സ്റ്റേഷന് സമീപത്തെ വീട്ടിലാണ് വീട്ടുജോലിക്കാരിയായ ശകുന്തളയുടെ മൃതദേഹം കണ്ടത്. മറ്റ് താമസക്കാരില്ലാത്ത വീട്ടിൽ കർണാടക സ്വദേശിയായ മറ്റൊരു ജോലിക്കാരൻ കൂടിയുണ്ടായിരുന്നു. മജീന്ദ്രനെന്ന് പേരുളള ഇയാൾ സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയതാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്. വീടുപൂട്ടിയശേഷം പതിവായി അടുത്തുളള ബന്ധുവീട്ടിൽ ഏൽപിക്കുകയാണ് ശകുന്തള ചെയ്തിരുന്നത്. എന്നാൽ കർണാടക സ്വദേശിയായ മജീന്ദ്രനാണ് കഴിഞ്ഞദിവസം താക്കോലുമായി എത്തിയത്. പിന്നാലെ ഇയാളെ കാണാതാവുകയും ചെയ്തു.. സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ശകുന്തളയുടെ മൃതദേഹം കണ്ടത്. ഫൊറൻസിക് വിദഗ്ധരെത്തി വീടും പരിസരവും പരിശോധിച്ചു. നെറ്റിയിലേറ്റ അടിയാണ് മരണകാരണമെന്നാണ് കരുതുന്നത്. ഒളിവിൽ പോയ മജീന്ദ്രനെ മൈസൂരിലെ യാദവഗിരി പൊലീസ് സ്റ്റേഷൻ പരിധിയിൽവെച്ചാണ് കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മകളുടെ വീട്ടിൽ എത്തിയാതായിരുന്നു ഇയാൾ. അടുത്തദിവസം തന്നെ മജീന്ദ്രനെ കൊച്ചിയിലെത്തിക്കും.
