കഴിഞ്ഞ ഞായറാഴ്ചയാണ് ബീഹാര്‍ സ്വദേശി മുകേഷ് പാസ്വാന്‍ തിരൂരിലെ താമസസ്ഥലത്ത് വച്ച് മരിച്ചത്. ഇന്‍ക്വസ്റ്റ് സമയത്ത് മുകേഷിന്റെ നെഞ്ചില്‍ കണ്ട രണ്ടു ചെറുമുറിവുകളാണ് കേസില്‍ വഴിത്തിരിവായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ബീഹാര്‍ സ്വദേശികളായ മുകേഷ് പാസ്വാനും സഹോദരന്‍ തൂഫാരി പാസ്വാനും ജിതിന്‍ റാമും ജിതേന്ദ്രറാമും തിരൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓണക്കാലത്ത് കടയുടമ ഇവര്‍ക്ക് 2000 രൂപ നല്‍കി. ഇതുപയോഗിച്ച് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിച്ച കൂട്ടത്തില്‍ മുകേഷ് പാസ്വാന്‍ തനിക്ക് വലിക്കാന്‍ അഞ്ചു രൂപ വിലയുള്ള സിഗരറ്റ് വാങ്ങിയെന്നതാണ് തര്‍ക്കമായത്. ഞായറാഴ്ച മുകേഷും ജിതിന്‍ റാമും മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ വാക്ക് തര്‍ക്കം കയ്യാങ്കളിയായി. തുടര്‍ന്ന് മീശവെട്ടാനുപയോഗിക്കുന്ന ചെറുകത്രിക കൊണ്ട് ജിതിന്‍ മുകേഷിനെ കുത്തി. പുറമേക്ക് രണ്ടു ചെറുമുറിവുകളാണ് മുകേഷിന്റെ ശരീരത്തിലുണ്ടായത്. പക്ഷെ ഇവ ആഴത്തിലുള്ള പരിക്കുകളാണ് ശ്വാസകോശത്തിലും കരളിലും ഉണ്ടാക്കിയത്. ഹൃദയത്തിലേക്കുള്ള രക്തധമനി മുറിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായി. മുകേഷിന്റെ വയറ്റില്‍ നിന്നും ഒന്നരകിലോയിലേറെ കട്ടപിടിച്ച രക്തം കണ്ടെത്തിയെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോട്ട്. തിരുന്നാവായ റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്നും പൊലീസ് ജിതിന്‍ റാമിനെ പിടികൂടിയത്. കൊലക്കുറ്റത്തിന് കേസെടുത്ത പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തിരൂര്‍ സി ഐ എം കെ ഷാജി, എസ് ഐ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.