ആലപ്പുഴ: പുന്നപ്രയിൽ ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. പുന്നപ്ര കുറവൻതോട് സ്വദേശി സന്ദീപാണ് ഭാര്യ സബിതയെ കൊലപ്പെുത്തിയത്. പിഎസ് സി പരിശീലന ക്ലാസ്സിന് പോയ ഭാര്യയെ ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്ന ശേഷം അടുക്കളയില്‍ വെട്ടിവീഴ്ത്തുകയായിരുന്നു. കഞ്ചാവിനടിമയായ സന്ദീപ് കേസുകളിലും പ്രതിയാണ്.

വ്യത്യസ്ഥ മതവിശ്വസികളായിരുന്നു സന്ദീപും സബിതയും.. സ്നേഹിച്ച് വിവാഹം കഴിച്ച ഇരുവരും പുന്നപ്രയിലെ വീട്ടിൽ ആറു വയസുള്ള മകനുമൊപ്പമായിരുന്നു താമസം. പി.എസ്.സി പരീക്ഷാപരിശീലനത്ത് പോയിരുന്ന സബിതയെ സന്ദീപ് ഉച്ചയോടെ വീട്ടിലേക്ക് ബൈക്കില്‍ കൂട്ടിക്കൊണ്ടു വന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ബഹളം അയല്‍വാസികള്‍ കേട്ടിരുന്നു. എന്നും ഇത് പതിവായതിനാല്‍ അയല്‍ക്കാരും നാട്ടുകാരും ആദ്യം ഒന്നും ശ്രദ്ധിച്ചിരുന്നില്ല.

അതിനിടെ സന്ദീപിന് ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനിടെ അടുക്കളയിൽ വെച്ച് സവിതയെ കഴുത്തിൽ ആഴത്തിൽ വെട്ടുകയായിരുന്നു. കഴുത്തിന്‍റെ രണ്ട് വശത്തും കൈക്കും ആഴത്തില്‍ വെട്ടേറ്റിരുന്നു. അടുക്കളയില്‍ രക്തം തളംകെട്ടിക്കിടപ്പുണ്ട്. സന്ദീപിന് വിളമ്പി വെച്ച് ചോറില്‍ രക്തത്തുള്ളികളായിരുന്നു. സന്ദീപിന് കൊടുക്കാന്‍ പൊരിച്ചുവെച്ച മീന്‍ അവിടവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു. ബഹളം കേട്ട് അടുത്തവീട്ടുകാർ എത്തിയെങ്കിലും സന്ദീപ് അവരെ വീടിനുള്ളിൽ പ്രവേശിപ്പിച്ചില്ല. സബിത മരിച്ചു എന്ന് ഉറപ്പുവരുത്തുന്നതുവരെ സന്ദീപ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ പിന്നീട് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പൊലീസ് എത്തുമ്പോള്‍ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ സന്ദീപ് പോലീസിന്‍റെ കൂടെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. ലഹരിക്കടിമയായ സന്ദീപ് നിരന്തരം സവിതയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്ന സവിത കഴിഞ്ഞ ആഴ്ച മുതലാണ് വീണ്ടും സന്ദീപിനൊപ്പം താമസം തുടങ്ങിയത്.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. വാഹനക്കച്ചവട ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന സന്ദീപ് കഞ്ചാവ് അടക്കമുള്ള ലഹരികൾക്ക് അടിമയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സന്ദീപിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലപ്പുഴ ജില്ലയിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന ഏഴാം കൊലപാതകമാണിത്.