കൊല്ലപ്പെട്ട അനില്‍‍കുമാര്‍ എന്ന ഫൈസല്‍ ഈ വര്‍ഷം മെയ് മാസത്തിലാണ് ഇസ്ലാംമതം സ്വീകരിച്ചത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ഭാര്യയേയും കുട്ടികളേയും മതംമാറ്റി. ഫൈസല്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കൂടി മതം മാറ്റുമോ എന്ന സഹോദരിഭര്‍ത്താവ് വിനോദിൻറെ ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വിനോദ് ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഹരിദാസൻ, ഷാജി, സുനി, സതീഷ് എന്നിവരെ വിവരമറിയിച്ചു. ഇവര്‍ സംഘടനയുടെ പരപ്പനങ്ങാടിയിലെ നേതാക്കൻമാരോട് ആലോചനകള്‍ നടത്തി. പരപ്പനങ്ങാടിയിലെ പ്രാദേശികനേതാവ് ജയപ്രകാശും പ്രവര്‍ത്തകനായ പ്രദീപും മറ്റുള്ളവരും ഒക്ടോബറില്‍ മേലപ്പുറമെന്ന സ്ഥലത്ത് വച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയും കൊല ചെയ്യാൻ 3 പേരെ സംഘടിപ്പിക്കുകയും ചെയ്തു.

നവംബര്‍ 19 രാവിലെ 4.55ന് ബന്ധുക്കളെ കൂട്ടാനായി ഫൈസല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ട വിവരം കൊലപാതകസംഘത്തെ അറിയിച്ചത് ലിജേഷാണ്. തുടര്‍ന്ന് ഫൈസലിനെ വെട്ടിക്കൊന്ന് മൂന്നംഗസംഘം രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

പിടിയിലായവര്‍ക്കെതിരെ ഗൂഡാലോചന, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തിരൂരിലെ മറ്റൊരു പ്രാദേശികനേതാവിനും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് സൂചന. എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പൊലീസ് ഇയാളുടെ പേര് വ്യക്തമാക്കിയിട്ടില്ല.