തെങ്ങ് കയറ്റ തൊഴിലാളിയെ കൊലപ്പെടുത്തി അയൽവാസി അറസ്റ്റിൽ വാക് തർക്കത്തെ തുടർന്നാണ് കൊലപാതകം മരിച്ചയാൾക്ക് മർദ്ദനം ഏറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: അത്തോളിയിലെ തെങ്ങ് കയറ്റ തൊഴിലാളി ചന്ദ്രന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അയൽവാസിയായ സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.
ഉള്ളിയേരി തിരുത്തോത്ത് മീത്തൽ ചന്ദ്രനെ അയൽവാസിയായ കാരയാട്ട് മിത്തൽ സുരേഷ് കുമാറിന്‍റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തേങ്ങയിടാൻ എത്തിയ ചന്ദ്രനും സുരേഷ് കുമാറും തമ്മിൽ വാക്കു തർക്കമുണ്ടായി. തുടർന്ന് സുരേഷ് കുമാർ ചന്ദ്രനെ ചവിട്ടി വീഴ്ത്തി. തലക്ക് പരിക്കേറ്റ് ബോധരഹിതനായി വീണ ചന്ദ്രന്‍റെ വലത് കയ്യിൽ പ്രതി പിന്നീട് കത്തികൊണ്ട് വെട്ടിപരിക്കേൽപ്പിച്ചു. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനായിരുന്നു ഇത്.
കയ്യിൽ വെട്ടുകൊണ്ട ചന്ദ്രൻ രക്തം വാർന്നാണ് മരിച്ചത്. വീഴ്ചയിൽ തലക്ക് ക്ഷതമേറ്റതായും മർദ്ദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. കരൾ ഉൾപ്പെടെയുള്ള ആന്തരാവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്. സുരേഷിനെ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്. മദ്യലഹരിയിലാണ് പ്രതി കൃത്യം നിർവ്വഹിച്ചതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് കാരണമെന്ത് എന്നത് സംബന്ധിച്ച് പ്രതി വ്യക്തമാക്കിയിട്ടില്ല. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചന്ദ്രന്‍റെ മൃതശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
