തൊടുപുഴ കോടിക്കുളത്ത് മധ്യവയസ്കനെ യുവാവ് വെട്ടിക്കൊന്നു. കാളിയാർ കോടന്തറയിൽ സദാനന്ദൻ ആണ് വെട്ടേറ്റ് മരിച്ചത്. കൃത്യം നടത്തിയ പ്രതി ആൻസൺ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
തൊടുപുഴ: തൊടുപുഴ കോടിക്കുളത്ത് മധ്യവയസ്കനെ യുവാവ് വെട്ടിക്കൊന്നു. കാളിയാർ കോടന്തറയിൽ സദാനന്ദൻ ആണ് വെട്ടേറ്റ് മരിച്ചത്. കൃത്യം നടത്തിയ പ്രതി ആൻസൺ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ടാപ്പിംഗ് തൊഴിലാളിയായ സദാനന്ദൻ ജോലിക്കിടെ കഴുത്തിന് വെട്ടേറ്റാണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെ കോടിക്കുളം പാറത്തട്ടയിലെ റബർ തോട്ടത്തിൽ വച്ചായിരുന്നു സംഭവം. ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെത്തിയ കരിമണ്ണൂർ പോലീസ് മുതലകോടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയൽക്കാരനായ പ്രതി ആൻസൺ താമസ സഥലത്ത് സുഹൃത്തുക്കളെയും കൊണ്ടുവന്ന് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനെതിരെ പരാതിപ്പെട്ടതിലുളള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് സദാനന്ദന്‍റെ ബന്ധുക്കൾ പറഞ്ഞു.
കാളിയാറ്റിൽ നിന്ന് ബൈക്കിലെത്തിയ ആൻസൺ സദാനന്ദന്‍റെ കഴുത്തിന് വെട്ടിയ ശേഷം ഓടിപ്പോയതായാണ് പരിസരവാസികൾ നൽകിയ സൂചന. ശേഷം പിതാവിനോടൊപ്പമാണ് ആൻസൺ തൊടുപുഴ ഡിവൈഎസ്പിക്കു മുന്നിലെത്തി കീഴടങ്ങിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും ശാസ്ത്രീയാന്വേഷണ വിഭാഗവും സ്ഥലത്ത് തെളിവെടുപ്പു നടത്തി. അരിവാളിനു വെട്ടിയതായാണ് സൂചനയെങ്കിലും ആയുധം കണ്ടെടുക്കാനായില്ല. കൊല്ലപ്പെട്ട സദാനന്ദന്‍റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായ് കോട്ടയം മെഡിക്കൽ കോളേജിലേക്കയച്ചു.
