ഇടുക്കിയില്‍ ഗൃഹനാഥനെ ഓട്ടോ ഇടിച്ച് കൊന്ന കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി

ഇടുക്കിയില്‍ ഗൃഹനാഥനെ ഓട്ടോ ഇടിച്ച് കൊന്ന കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. കല്ലുകുന്ന് സ്വദേശി സനല്‍കുമാറാണ് കട്ടപ്പന പൊലീസിനു മുന്നില്‍ കീഴടങ്ങിയത്.

തിങ്കളാഴ്ച രാത്രിയാണ് കട്ടപ്പന സെന്‍ട്രല്‍ ജംക്ഷന് സമീപം ഓട്ടോ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുന്തളംപാറ സ്വദേശി കണ്ണന്‍ മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന സനല്‍കുമാറിന് കണ്ണനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇയാള്‍ കണ്ണനെ നിരന്തരം ഭീഷണിപ്പെടുത്തിയരുന്നെന്നും അപകടം നടന്നതിനുശേഷം ഇയാള്‍ കണ്ണന്‍റെ വീട് ആക്രമിച്ചെന്നും നാട്ടുകാർ പോലീസിനെ അറിയിച്ചു. തുടർന്ന് സനല്‍കുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് പ്രതി കട്ടപ്പന ഡിവൈഎസ്‍പിക്ക് മുന്നില്‍ കീഴടങ്ങിയത്.