തിരുവനന്തപുരം: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്ത യുവാവിനെ പോലീസ് തല്ലിചതച്ചതായി ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട്. ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ തയ്യാറാക്കിയ റിപ്പോര്‍ട്ട് അഭ്യന്തരസെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
പേരൂര്‍ക്കടയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി കത്തിച്ച കേസിലാണ് മകന്‍ അക്ഷയെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്ലിനിടെ പേരൂര്‍ക്കട പോലീസ് മൂന്നാംമുറ പ്രയോഗിച്ചെന്നാണ് ജയില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡിസംബര്‍ ഇരുപത്തിയാറിന് വൈകിട്ട് നാല് മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് മണി വരെ പ്രതിയെ തല കീഴായി കെട്ടിത്തൂക്കി. ഈര്‍ക്കില്‍ പ്രയോഗവും നടത്തി. കൈക്കാലുകള്‍ തല്ലിചതച്ചു. നടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ജില്ല ജയിലില്‍ എത്തിയ അക്ഷയെ രണ്ടാം തീയതി മുതല്‍ ആറാം തീയതി വരെ പേരൂര്‍ക്കട പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി.
ഏഴാം തീയതി ജയിലില്‍ തടവുകാരുടെ പരാതി കേള്‍ക്കാനെത്തിയപ്പോള്‍ ആണ് ഡിജിപി ശ്രീലേഖ അവശനായ അക്ഷയെ കാണുന്നത്. തുടര്‍ന്ന് ഇയാളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ഡിജിപി പരിക്കിന്‍റെ ചിത്രങ്ങളും ഡോക്ടറുടെ പരിശോധനാറിപ്പോര്‍ട്ടും സഹിതം വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസിനെതിരെ ഉന്നതതല അന്വേഷണം വേണമെന്ന് ജയില്‍ ഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
