അവിഹിത ബന്ധത്തെ എതിർത്തു കാമുകിയുടെ കുട്ടികളെ പെട്രോളൊഴിച്ചു കൊന്നു പ്രതിക്ക് ജീവപര്യന്തം
അവിഹിത ബന്ധത്തെ എതിർത്തതിന് കാമുകിയുടെ കുട്ടികളെ പെട്രോളൊഴിച്ചു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി മാരിമുത്തുവിനാണ് ശിക്ഷ, പതിനേഴും പതിമൂന്നും വയസ് പ്രായക്കാരായിരുന്ന രണ്ട് ആൺകുട്ടികളെ തീ കൊളുത്തി കൊന്ന കേസിലാണ് വിധി.
തൊടുപുഴ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. വണ്ടിപ്പെരിയാർ വളളക്കടവിലെ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഭഗവതി, ശിവ എന്നീ കുട്ടികളെ 2013 മാർച്ചിലാണ് മാരിമുത്തു കൊലപ്പെടുത്തിയത്, കുട്ടികളുടെ മേൽ പെട്രോളൊഴിച്ച ശേഷം കൈയ്യിൽ കരുതിയിരുന്ന പന്തം കത്തിച്ചിടുകയായിരുന്നു.
കുട്ടികളുടെ അമ്മയുമായുളള അവിഹിത ബന്ധം എതിർത്തതിൽ തോന്നിയ വൈരാഗ്യമായിരുന്നു ക്രൂരമായ കൃത്യത്തിന് കാരണം. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ തുമ്പുണ്ടാക്കാൻ കഴിയാതിരുന്ന കേസ് കോട്ടയം ക്രൈംബ്രഞ്ച് യൂണിറ്റ് ഏറ്റെടുത്തതോടെയാണ് തെളിഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന മാരിമുത്തുവിനെ ഒരു വർഷത്തിന് ശേഷം കട്ടപ്പനയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും പെട്രോൾ വാങ്ങി നൽകിയ സുഹൃത്തിന്ടെയടക്കം സാക്ഷി മൊഴികളും നിർണ്ണായകമായി.
പ്രതിയുടെ അമ്മയും കുട്ടികളുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായ് കോടതിയിൽ സാക്ഷിമൊഴി നൽകി. ജീവര്യന്തം തടവിനു പുറമേ മാരിമുത്തു പതിനായിരം രൂപ പിഴയും ഒടുക്കണം. മോഷണത്തിനും ജയിൽ ചാട്ടത്തിനും നേരത്തെ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
