ഇടുക്കി: പൂപ്പാറയില്‍ തമിഴ്നാട് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവിനെ തമിഴ്നാട്ടിലെ ഉസിലംപെട്ടിയില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെത്തിയ അന്വേഷണ സംഘത്തെ തടഞ്ഞ് നിര്‍ത്തി പ്രതിയെ രക്ഷപെടുത്താന്‍ ശ്രമം നടന്നു. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പ്രതിയെ കീഴ്പ്പെടുത്തി കേരളത്തിലെത്തിച്ചത്. 

കഴിഞ്ഞ ഒന്പതിനാണ് മധുര വടക്കുപെട്ടി സ്വദേശിനി സെല്‍വിയെ പൂപ്പാറിയിലുള്ള ബന്ധുവീട്ടിലെത്തി ഭര്‍ത്താവ് ഇമ്പരാജ് വെട്ടികൊലപ്പെടുത്തതിയത്. തോട്ടം തൊഴിലാളിയായ ബന്ധു ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ ഇന്പരാജ് ശെല്‍വിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. 

കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് യുവതി ബന്ധുവീട്ടിലെത്തിയതെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചത്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘത്തെ ഇടുക്കി എസ്പി നിയോഗിച്ചിരുന്നു. പ്രതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഉസലംപെട്ടിയിലുണ്ടെന്ന് കണ്ടെത്തിയത്. 

ഉസിലംപെട്ടി കോടതി പരിസരത്തു നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകരും നാട്ടുകാരും ഉള്‍പ്പെട്ട സംഘം തടഞ്ഞു. ഇവിടെ പ്രതിയെ കൊണ്ടുപോകുന്നതിന് പ്രതിരോധം തീര്‍ത്ത് ഒരു സംഘം രംഗത്തെത്തുകയും വാഹനങ്ങള്‍ തടഞ്ഞിടുകയും ചെയ്തു. ഇതു മറികടന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തി കേരളത്തിലേയ്ക്ക് കൊണ്ടു വന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായിയുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇമ്പരാജ് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.