ചെന്നൈ: ഓടിക്കൊണ്ടിരുന്ന ബസില്‍ യാത്രക്കാരന്‍ വെടിയേറ്റു മരിച്ചു. തമിഴ്‍നാട്ടിലാണ് സംഭവം. മഥുരൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള വിരുദു നഗര്‍ ജില്ലയിലെ സത്തൂരിലാണ് വെടിവെപ്പ് നടന്നത്. അക്രമികളുടെ വെടിയേറ്റ് മരിച്ചത് കറുപ്പസ്വാമി എന്ന് പേരുള്ള 32 കാരനാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

പട്ടാപ്പകലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കൊല്ലപ്പെട്ട കറുപ്പസ്വാമിക്കൊപ്പമാണ് അക്രമികള്‍ ബസില്‍ കയറിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കറുപ്പസ്വാമിക്കൊപ്പം കോവല്‍പ്പട്ടിയില്‍ നിന്നാണ് അക്രമികള്‍ ബസില്‍ കയറിയതെന്ന് പൊലീസ് സംശയിക്കുന്നു.

ബസ് യാത്ര തുടങ്ങി 25 കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് അക്രമികള്‍ കറുപ്പസ്വാമിക്ക് നേര്‍ക്ക് നിറയൊഴിച്ചത്. സത്തൂരില്‍ വെച്ച് ബസില്‍ വെടിയൊച്ച കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി. ബസ് നിര്‍ത്തിയതോടെ അക്രമികള്‍ തോക്കുമായി ഓടി രക്ഷപ്പെട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

തമിഴ്‍നാട്ടില്‍ അടുത്തകാലത്തായി പകല്‍വെളിച്ചത്തില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ വ്യാപകമാകുന്നത് ജനങ്ങള പരിഭ്രാന്തിയാഴ്ത്തുന്നു.