കാസര്‍കോഡ്: കാസര്‍കോഡ് പൈവളിഗെയില്‍ വ്യാപാരിയെ നാലംഗ സംഘം കടക്കകത്ത് കയറി വെട്ടിക്കൊന്നു. മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണയാണ് കൊല്ലപ്പെട്ടത്.

ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കറുത്ത കാറിലെത്തിയ നാലംഗ സംഘം കടയിലെത്തി രാമകൃഷ്ണനെ വെട്ടിക്കൊല്ലുകയായിരുന്നു.ആദ്യം ഒരാള്‍ കടയിലെത്തി സിഗരറ്റ് ചോദിക്കുകയും,സിഗരറ്റ് വാങ്ങിയ ശേഷം ഇയാള്‍ കുറച്ചു ദൂരം മാറിനിന്ന് കാറില്‍ കാത്തിരുന്നവര്‍ക്ക് അടയാളം നല്‍കുകയുമായിരുന്നു.പിന്നാലെ എത്തിയ മൂന്നുപേര്‍ രാമകൃഷ്ണനെ കടയ്ക്കകത്ത് വെച്ച് തുരുതുരാവെട്ടി. ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കാറില്‍ തന്നെ കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണനെ മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വച്ച് മരിച്ചു.

പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയതായി സൂചനയുണ്ട്.കഞ്ചാവിനും മദ്യത്തിനും അടിമകളായവരാണ് പ്രതികളെന്നും ഇവര്‍ പ്രതികളായ ചില മോഷണ കേസുകളെ കുറിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ വിരോധമാണ് കൊലയ്ക്ക് വഴിവെച്ചതെന്നുമാണ് സംശയിക്കുന്നത്.