പാകിസ്ഥാനിലെ സർഗോതയിൽ മനോരോഗിയായ ദർഗ ചുമതലക്കാരൻ 20 വിശ്വാസികളെ കൊലപ്പെടുത്തി. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയാണ് കൂട്ടക്കൊല നടത്തിയത്.
ദർഗയുടെ അധികാരതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം

പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിലുള്ള മുഹമ്മദ് അലി ഗുജ്ജർ ദർഗയിലാണ് സംഭവം. മയക്കുമരുന്ന് നൽകി ക്രൂരമായി മർദ്ദിച്ച ശേഷമാണ് ദർഗ ചുമതലക്കാരനായ അബ്ദുൽ വഹീദ് വിശ്വാസികളെ കത്തി കൊണ്ട് കൊലപ്പെടുത്തിയത്.

മാനസിക വൈകല്യമുള്ള ഇയാൾ വിശ്വാസികളുടെ കഴുത്തിന് പിറകിലായാണ് കുത്തിയത്. മൃതശരീരങ്ങളിൽ ചിലത് വിവസ്ത്രമാക്കപ്പെട്ട നിലയിലുമായിരുന്നു. ഒരേ കുടുംബത്തിൽപ്പെട്ട ആറ് പേർ ഉൾപ്പടെ 20 പേരാണ് മരിച്ചു. രോഗശമനത്തിനായി എത്തുന്നവരെ പീഡനമുറകൾക്ക് വിധേയരാക്കുന്ന ദുരാചാരം ഈ ദർഗയിൽ സാധാരണമായിരുന്നു.

രണ്ട് സഹായികളോടൊപ്പം അബ്ദുൽ വഹീദ് വിശ്വാസികളെ ആക്രമിക്കുന്നത് കണ്ട ദൃക്സാക്ഷികളാണ് പൊലീസിനെ അറിയിച്ചത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 5 പേർ പൊലീസ് കസ്റ്റഡിയിലാണ്,