കേരള -തമിഴ്നാട് അതിര്‍ത്തിയില്‍ 2 യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരുനെൽവേലി സ്വദേശി മണിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മണിക്ക് സഹായം ചെയ്തു കൊടുത്ത സിപിഐ യുവനേതാവുള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ബോഡിമേട് ചുരത്തിലാണ് മൂന്നാര്‍ സ്വദേശികളായ ശരവണനും പീറ്ററും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഇരുവരും ഓട്ടോറിക്ഷാ തൊഴിലാളികളായിരുന്നു. ഓട്ടത്തിനെന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന് ലഭിച്ച സൂചന. ക്വട്ടേഷന്‍ കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. കുപ്രസിദ്ധ കുറ്റവാളി തിരുനല്‍വേലി സ്വദേശി മണിയെത്തേടിയാണ് അന്വേഷണം.
മണിയുടെ സഹോദരന്‍റെ ഭാര്യ നടത്തി വന്ന വ്യാജമദ്യകച്ചവടം പോലീസിനെ അറിയിച്ചത് ഈ യുവാക്കളാണ്. ഇതിന്‍റെ വൈരാഗ്യത്തില്‍ സഹോദരന്‍ നല്‍കിയ ക്വട്ടേഷനാണെന്നാണ് പോലീസിന് ലഭിച്ച വിവരം. മണിയുടെ മൊബൈല്‍ ലോക്കേഷനുകള്‍ വച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത സിപിഐ യുവനേതാവ് വിമല്‍ ഉള്‍പ്പടെ നാല് പേരേ ചോദ്യം ചെയ്ത് വരികയാണ്.
വിമലിന്‍റെ പേരിലുള്ള സിമ്മാണ് മണി ഉപയോഗിച്ചിരുന്നത്. ഇയാള്‍ വിമലിന്‍റെ വീട്ടില്‍ താമസിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.തമിഴ്നാട് കൊരങ്കിണി പോലീസും കേരളാ പോലീസും കൊലപാതകം അന്വഷിക്കുന്നുണ്ട്. തിരുനല്‍വേലി, നാഗര്‍കോവില്‍, ചെന്നൈ ഉല്‍പ്പടെ തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിലായി 30 ഓളം കേസില്‍ പ്രതിയാണ് മണി. ഇതില്‍ 18 ഉം കൊലപാതക്കേസുകളാണ്.
