ജയ്പൂര്‍:രാജസ്ഥാനിലെ ജയ്പൂരിൽ മലയാളി വിദ്യാര്‍ത്ഥി സ്റ്റാൻലി ബെന്നിയെ മര്‍ദ്ദിച്ച് കൊന്ന കേസിൽ അറസ്റ്റിലായ നിയമ വിദ്യാര്‍ത്ഥിയെ ജാമ്യത്തിൽ വിട്ടതിനെതിൽ പ്രതിഷേധം ശക്തം. പട്യാല ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് സ്റ്റാൻലി ബെന്നിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് ഉപരോധിച്ചു. ജയ്പൂര്‍ അമിറ്റി സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയും മലയാളിയുമായ സ്റ്റാൻലി ബെന്നി ശനിയാഴ്ചയാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

കോളേജ് ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കിയ ശേഷമാണ് മധ്യപ്രദേശ് സ്വദേശിയും സര്‍വ്വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥിയുമായ ഗുൻചിത് ജുനൈജ സ്റ്റാൻലിയെ മര്‍ദ്ദിച്ചത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിൽ അവസാനിച്ചത്. സ്റ്റാൻലിയുടെ തലയ്ക്കും ദേഹമാസകലവും മര്‍ദ്ദനമേറ്റിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ നിയമ വിദ്യാര്‍ത്ഥിയെ കോളേജ് ക്യാന്‍റീനില്‍ നിന്ന് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിടുകയായിരുന്നു.

കൊലപാതകക്കുറ്റത്തിന് കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് സ്റ്റാൻലി ബെന്നിയുടെ ബന്ധുക്കളുടെ പരാതി. തൃശൂര്‍ തുമ്പൂര്‍ സ്വദേശിയായ സ്റ്റാൻലി കുടുംബത്തിനൊപ്പം വര്‍ഷങ്ങളായി പഞ്ചാബിലെ പട്യാലയിലാണ് താമസിക്കുന്നത്. കുറ്റവാളിയെ സംരക്ഷിക്കുകയാണ് പൊലീസെന്നാണ് സ്റ്റാൻലിയുടെ മാതാപിതാക്കളുടെ പരാതി. നാട്ടുകാരുടെ നേതൃത്വത്തിൽ പട്യാലയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയും ഉപരോധിച്ചുമായിരുന്നു സ്റ്റാൻലിയുടെ ബന്ധുക്കളുടെ പരാതി.