കൊച്ചി: പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിൽ കൊച്ചി നഗരത്തിൽ കടയിൽ കയറി യുവാവിനെ കുത്തി കൊന്നു. കടവന്ത്ര ഗാന്ധിനഗർ കോളനിയിലെ ബിനോയ് കുമാർ ആണ് മരിച്ചത്. സംഭവത്തിൽ തമ്മനം കിസാൻ കോളനിയിലെ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കടവന്ത്ര ഗാന്ധി നഗർ കോളനിയിൽ പെട്ടിക്കട നടത്തുകയായിരുന്ന ബിനോയ് കുമാറിനെ
അജിത്ത് കുത്തി കൊലപ്പെടുത്തിയത്. കഠാരയുമായി ബൈക്കിലെത്തിയ പ്രതി ബിനോയുടെ കഴുത്തിലും നെഞ്ചിലുമായി തുരുതുര കുത്തുകയായിരുന്നു. 

സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തും മുൻപ് പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തമ്മനം കിസാൻ കോളനിയിൽനിന്ന് പ്രതി അജിത്തിനെ പൊലീസ് പടികൂടിയത്. കൊലപാതകത്തിന് ശേഷം കോളനിയിലെത്തി വസ്ത്രങ്ങള്‍ മാറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നുു അജിത്.

സമീപത്തെ കോളനിയിൽ നേരത്തെ തമാസിച്ചിരുന്ന യുവതിയുമായി അജിത്തിനും ബിനോയ്ക്കും പരിചയമുണ്ടായിരുന്നു. യുവതി ഇപ്പോൾ വിദേശത്താണ്. ഈ യുവതിയെ ചൊല്ലി ബിനോയിയും അജിത്തും നേരത്തെ വാക് തർക്കമുണ്ടായിരുന്നു. പ്രതി നേരത്തെയും ബിനോയിയുടെ പെട്ടികടയിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.

ഈ തർക്കമാണ് കൊലയിൽ കലാശിച്ചത്. ബിനോയിയുടെ മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി അജിത്തിനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.