ഒരുവര്‍ഷം മുന്‍പ് നടന്ന യുവാവിന്‍റെ മരണത്തിന് ഉത്തരവാദി തന്‍റെ ഭര്‍ത്താവെന്ന് യുവതി

First Published 30, Mar 2018, 11:58 PM IST
murder of youth
Highlights
  • കുളത്തില്‍ മരിച്ച നിലയിലായിരുന്നു യുവാവ്

പത്തനംതിട്ട: അത്തിക്കയത്ത് ഒരുവര്‍ഷം മുന്‍പ് കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അത്തിക്കയം  സ്വദേശി  സിന്‍ജോമോനെ കൊന്നത് തന്‍റെ  ഭര്‍ത്താവാണെന്ന് പ്രദേശവാസിയായ  യുവതി വെളിപ്പെടുത്തി. സിൻജോ മോനെ കൊന്നത് തന്‍റെ ഭർത്താവ് ജോബിയാണന്ന വെളിപ്പെടുത്തലുമായി ശ്രീനി എന്ന യുവതിയാണ് രംഗത്തെത്തിയത്. കഴിഞ്ഞ തിരുവോണത്തിനാണ്  സിൻജോയെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം വെളുപ്പിന് മൂന്ന് മണിയോടെ രക്തം പുരണ്ട വസ്ത്രവുമായി തന്‍റ് ഭർത്താവ് വീട്ടിലെത്തിയെന്നും എന്തുപറ്റിയെന്ന തന്‍റെ ചോദ്യത്തിന് തല്ലായിരുന്നു മറുപടിയെന്നും ശ്രീനി പറയുന്നു .

കഴിഞ്ഞ ദിവസം പരസ്യമായി താനാണ് സിൻജോയെ കൊന്നതെന്ന് വാക്കത്തിയുമായി ജോബി വിളിച്ച് പറഞ്ഞെന്നും ശ്രീനി പറഞ്ഞു. നിരവധിജനകീയ സമരങ്ങൾ നടന്നെങ്കിലും സിൻജോയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. സിൻജോയുടെ അച്ഛൻ ജേക്കബ് ജോർജിന്‍റെ ആവശ്യത്തെ തുടർന്ന്  ഹൈക്കോടതി ഉത്തരവിലൂടെ മൃതദേഹം റീപോസ്റ്റ് മോർട്ടവും നടത്തിയിരുന്നു. നാളെ പൊലീസിന്‍റെ സഹായത്തോടെ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകാനാണ് ശ്രീനിയുടെ നീക്കം.

കഞ്ചാവിനും, മദ്യത്തിനും അടിമയായ ജോബിയുടെ കൈവശം ഒരു കവറുണ്ടായിരുന്നെന്നും താനത് പരിശോധിക്കുവാൻ ശ്രമിച്ചിട്ട് അനുവദിച്ചില്ലെന്നും ശ്രീനി പറയുന്നു. ജോബി കുളിക്കുവാൻ പോയ സമയത്ത് കവർ പരിശോധിച്ചെന്നും അതില്‍ 500 രൂപയുടെ ഒരു കെട്ടായിരുന്നെന്നും യുവതി പറയുന്നു. തൊട്ടടുത്ത് ഒരു വീട്ടിൽ ഈ പൊതി സൂക്ഷിക്കുവാൻ ഏല്പിച്ചു.അടുത്ത ദിവസം പരിചയമില്ലാത്ത രണ്ട് യുവാക്കൾ വീട്ടിൽ എത്തി. ജോബി ഇവരെ കൂട്ടി വീടിനടുത്തുള്ള പാറ പുറത്തേക്ക് പോയി. ഞങ്ങളും കഷ്ടപെട്ടതാ ഞങ്ങൾക്കും വീതം വേണം എന്ന് യുവാക്കൾ തന്‍റെ ഭർത്താവിനോട് ആവശ്യപ്പെടുന്നത് കേട്ടാണ് താന്‍ കടും കാപ്പിയുമായി ചെന്നത്.

തന്നെ കണ്ടതോടെ സംസാരം നിർത്തി. സംശയം തോന്നിയ ഞാൻ വീടിനുള്ളിൽ ചെന്ന് ജനാലയിലൂടെ പതുങ്ങി നിന്ന് ഇവർ പറയുന്നത് കേട്ടു. ഒന്നും തെളിയാൻ പോകുന്നില്ലാ എന്നും സിൻജോയല്ല ഏത് വലിയവനും ഒന്നുമല്ല എന്നുമൊക്കെ അവർ പറഞ്ഞു. പതുങ്ങി നിന്ന ഞാൻ അറിയാതെ കാലിനടുത്തു വന്ന പൂച്ചയെ ചവുട്ടി. എന്നെ കണ്ട ജോബി വീട്ടിൽ വന്ന് ഞങ്ങൾ പറഞ്ഞത് നീ കേട്ടോ എന്നും കേട്ടാൽ മറ്റൊരാൾ അറിയണ്ടാ അറിഞ്ഞാൽ നിന്നെ ശരിയാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

loader