ജോണിയോട് ക്ഷമിച്ചെന്ന് ഫാ.സേവ്യറിന്‍റെ മാതാവ് ഫാ.സേവ്യറിന്‍റെ കുടുംബം ജോണിയുടെ വീട്ടിലെത്തി ജോണിയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു
കൊച്ചി: എറണാകുളം മലയാറ്റൂരിൽ ഫാ.സേവ്യർ തേലക്കാടിനെ കൊലപ്പെടുത്തിയ പ്രതി ജോണിയ്ക്ക് മാപ്പ് കൊടുത്ത് വൈദികന്റെ കുടുംബം. ഫാ.സേവ്യറിന്റെ മാതാവും കുടുംബാംഗങ്ങളും ജോണിയുടെ വീട്ടിലെത്തിയാണ് ക്ഷമിച്ചിരിക്കുന്നെന്ന് അറിയിച്ചത്.
കൊല്ലപ്പെട്ട ഫാദർ സേവ്യറിന്റെ മാതാവ് ത്ര്യേസ്യാമ്മയും സഹോദരങ്ങളുമാണ് വൈകീട്ടോടെ ജോണിയുടെ വീട്ടിലെത്തിയത്. പിന്നെ ജോണിയുടെ ഭാര്യ ആനിയെയും മക്കളെയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. വൈദികനോട് പെട്ടെന്ന് തോന്നിയ ദേഷ്യത്തിന്റെ പേരിൽ ജോണി ചെയ്ത തെറ്റിന് ദൈവത്തിനൊപ്പം തങ്ങളും ക്ഷമിച്ചിരിക്കുന്നെന്ന് മാതാവ് ത്ര്യേസ്യാമ്മ പറഞ്ഞു.
മലയാറ്റൂർ പള്ളിയിൽ 37 വർഷം കപ്യാരായിരുന്ന ജോണി വട്ടേക്കാടൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ.സേവ്യർ തേലക്കാടനെ കുത്തിക്കൊന്നത്. ജോലിയിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് മലയാറ്റൂർ പള്ളി റെക്ടറായ ഫാ.സേവ്യർ ജോണിയെ ജോലിയിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. തന്നെ തിരിച്ചെടുക്കണമെന്ന ആവശ്യം നിരസിച്ച വൈദികനോട് പെട്ടെന്ന് തോന്നിയ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നും കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും ജോണി പൊലീസിനോട് പറഞ്ഞിരുന്നു.
ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയാണ് പതിറ്റാണ്ടോളം പള്ളിയെയും വൈദികരെയും സേവിച്ച ജോണിയ്ക്ക് മാപ്പ് കൊടുക്കാൻ ഫാ.സേവ്യറിന്റെ കുടുംബം തയ്യാറായത്. തന്നെ ക്രൂശിച്ചവരോട് ക്ഷമിച്ച ക്രിസ്തുവിന്റെ പാത പിന്തുടരുകയാണ് ചെയ്തതെന്ന് ഫാ.സേവ്യറിന്റെ സഹോദരൻ സെബാസ്റ്റ്യൻ പറഞ്ഞു. ജോണി ജയിൽ മോചിതനാകുമ്പോൾ വീണ്ടും കാണാമെന്ന് ഉറപ്പ് നൽകിയാണ് ത്ര്യേസ്യാമ്മയും കുടുംബവും മടങ്ങിയത്.
