തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യയ്‌ക്ക് കേസെടുത്തത് നിലനില്‍കുമെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.മരിക്കുമെന്ന് അറിവുണ്ടായിട്ടും ഡോക്ടര്‍മാര്‍ ചികിത്സ നല്‍കാതെ മടക്കിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കേസ് അടുത്ത ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റി.
തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചു. തലയ്‌ക്ക് പരിക്കേറ്റ് മരണം സംഭവിക്കുമന്ന് വ്യക്തമായിട്ടും മുരുകന് ചികിത്സ നിഷേധിച്ചു. അന്വേഷണത്തോട് ഡോക്ടര്‍മാര്‍ സഹകരിക്കാത്തതും പോലിസ് കോടതിയെ ബോധ്യപ്പെടുത്തി.കേസില്‍ ശാസ്‌ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് കേസ് അടുത്ത ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റിയത്.സ്വകാര്യ ആശുപത്രികളും മുരുകന് ചികിത്സ നിഷേധിച്ചിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു മുരുകന്‍ അപകടത്തില്‍ പെട്ടത്. രാത്രി11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രികളിലടക്കം വിവിധ ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും മുരുകന് പരിഗണന ലഭിച്ചില്ല. ചികിത്സ കിട്ടാതെ മുരുകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ ഐപിസി 304, 306 വകുപ്പുകള് പ്രകാരമാണ് കേസ്.
