തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍റെ മരണത്തില്‍ ഡ്യൂട്ടി ഡോക്ടർമാരെ അറസ്റ്റ് ചെയ്തേക്കും. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടർമാരെ പൊലീസ് ചോദ്യം ചെയ്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടർമാര്‍ക്ക് വീഴ്ചയുണ്ടായെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ട് ആയുധമാക്കിയാണ് പൊലീസിന്‍റെ നീക്കം. മുരുകനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുവന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയർ റസിഡന്‍റിനെയും പിജി ഡോക്ടറെയുമാണ് ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ഇരുവരെയും ചോദ്യം ചെയ്തു. അതേസമയം അറസ്റ്റ് ഉണ്ടേയേക്കും എന്ന സൂചനയില്‍ ഇരുവരും ഹൈക്കോടതിയില്‍
മുൻകൂർ ജാമ്യാപേക്ഷ നൽകി.
മുരുകനെ എത്തിച്ച ദിവസം അത്യാഹിത വിഭാഗം ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ആയിരുന്ന സീനിയര്‍ റസിഡന്‍റ് , പിജി ഡോക്ടര്‍ എന്നിവര്‍ക്ക് വീഴ്ച്ച പറ്റിയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. ഒ പി ടിക്കറ്റ് എടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, വെന്റിലേറ്റര്‍ ഉണ്ടോ എന്ന് എല്ലാ വിഭാഗത്തിലും വിളിച്ചന്വേഷിച്ചില്ല എന്നീ വീഴ്ച്ചകളാണ് ഡോക്ടര്‍ക്ക് ഉണ്ടായെന്നാണ് കണ്ടെത്തല്‍.
ആരോഗ്യവകുപ്പിന്‍റെ ഈ റിപ്പോർട്ട് ആയുധമാക്കിയാണ് പൊലീസിന്‍റെ നീക്കം. അതേസമയം പിജി ഡോക്ടര്‍മാരെ ബലിയാടാക്കി അറസ്റ്റുചെയ്താല്‍ സമരം തുടങ്ങുമെന്ന് പിജി അസോസിയേഷന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി 14ന് പരിഗണിക്കും.
