കൊല്ലം: ചികിത്സ ലഭിക്കാതെ ഏഴു മണിക്കൂറോളം ആംബുലന്‍സില്‍ വിവിധ ആശുപത്രിയില്‍ കയറിയിറങ്ങി ദാരുണമായി മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന് ചികിത്സ നല്‍കാത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മെഡിസിറ്റി ആശുപത്രിക്ക് മുന്നിലെ സിസി ടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. 

 ഗുരുതരമായി പരിക്കേറ്റ മുരുകനുമായി എത്തിയ ആംബുലന്‍സ് 20 മിനിറ്റോളം കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചിലവഴിച്ചിരുന്നു. ഡ്യൂട്ടിലുണ്ടായിരുന്ന ഡോക്ടര്‍ ബിലാല്‍ ആംബുലന്‍സിനടുത്തേക്ക് എത്തിയെങ്കിലും മുരുകനെ അകത്തേക്ക് കയറ്റാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഡോക്ടറും ആംബുലന്‍സ് ജീവനക്കാരും ദീര്‍ഘനേരം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

തുടര്‍ന്ന് അകത്തേക്ക് പോയ ഡോക്ടര്‍ തിരികെ വന്ന് വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ആറാം തിയ്യതി രാത്രി 11.30 ആണ് മുരുകനുമായി ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ അതേ സമയം തന്നെ മറ്റൊരു ആംബുലന്‍സ് ആശുപത്രിയില്‍ എത്തുകയും ഡോക്ടര്‍ ബിലാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയെ അകത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇതിന് ശേഷമാണ് മെഡിസിറ്റിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മുരുകനുമായി ആംബുലന്‍സ് പോയത്. കൂട്ടിരിപ്പുക്കാര്‍ ആരുമില്ലാത്തതിനാലല്ല മുരുകന് ചികിത്സ നിഷേധിച്ചതെന്ന് ഡോക്ടര്‍ ബിലാല്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മുരുകന്‍ ചികിത്സ നല്‍കാന്‍ ഒരു വെന്റിലേറ്റര്‍ പോലും ഇല്ലാത്തതിനാലാണ് മെഡിക്കല്‍ കോളേജില്‍ ആശുപത്രി നിര്‍ദേശിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.